cm-pinarayi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഎം. ഇതിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സിഎഎ വിരുദ്ധ ബഹുജനറാലി സംഘടിപ്പിക്കും.

മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട് തുടങ്ങുന്ന റാലി 27ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും.

ഇടതുമുന്നണിയില്‍ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോഡും റാലി സംഘടിപ്പിക്കും.

24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യത്തെ പ്രചാരണ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.