pic

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ വിമാനം നിർമ്മിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് യു.എസിലെ കൊളറാഡോ ആസ്ഥാനമായുള്ള ഊർജ്ജ കമ്പനിയായ റാഡിയ. ഭീമൻ വിൻഡ് ടർബൈൻ ബ്ലേഡുകൾ ( കാറ്റാടി ബ്ലേഡ് )​ കൊണ്ടുപോകുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഈ പടുകൂറ്റൻ വിമാനം പുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്നു.

' വിൻഡ് റണ്ണർ ' എന്നാണ് വിമാനത്തിന് നൽകിയിരിക്കുന്ന പേര്. 356 അടി നീളമുള്ള വിൻഡ് റണ്ണർ ലോകത്തെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ ബോയിംഗ് 747 - 8 നേക്കാൾ 106 അടി കൂടുതൽ നീളമുള്ളതാണ്.

വിൻഡ് റണ്ണറിന് പറന്നിറങ്ങണമെങ്കിൽ കുറഞ്ഞത് 6,000 അടി നീളമുള്ള റൺവേ വേണം. സാധാരണ വിൻഡ് ടർബൈൻ ബ്ലേഡുകൾക്ക് 150 മുതൽ 300 അടി വരെ നീളമുണ്ടാകും. 35 ടൺ വരെയാണ് ഒരെണ്ണത്തിന്റെ ഭാരം. നിലവിൽ ഇവയെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. ഭീമൻ കപ്പലുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

എന്നാൽ വിൻഡ് റണ്ണർ യാഥാർത്ഥ്യമായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവയെ അനായാസം വിവിധ കാറ്റാടി പാടങ്ങളിലേക്ക് എത്തിക്കാനാകും. ഏഴ് വർഷം കൊണ്ട് വിദഗ്ദ്ധ എൻജിനിയറിംഗ് ടീമിന്റെ നേതൃത്വത്തിലാണ് വിൻഡ് റണ്ണറിന്റെ രൂപകല്പന പൂർത്തിയാക്കിയതെന്ന് റാഡിയയുടെ സ്ഥാപകനും റോക്കറ്റ് ശാസ്ത്രജ്ഞനുമായ മാർക്ക് ലൻഡ്സ്ട്രോം പറയുന്നു.

നാല് വർഷത്തിനുള്ളിൽ വിൻഡ് റണ്ണറിനെ യാഥാർത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് റാഡിയ. വിൻഡ് ടർബൈനുകളെ കൂടാതെ സൈനിക ഉപകരണങ്ങൾ അടക്കം വലിപ്പം കൂടുതലുള്ള ചരക്കുകളുടെ നീക്കത്തിനും വിൻഡ് റണ്ണർ സഹായകമാകും.

 നീളം - 356 അടി

 ഉയരം -79 അടി

 ചിറകുകൾ തമ്മിലെ അകലം - 261 അടി

 ഭാരവാഹക ശേഷി - 80 ടൺ

ആന്റനോവിനെ മറികടക്കും

ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ വിമാനം യുക്രെയിന്റെ ആന്റനോവ് എഎൻ - 225 ' മ്രിയ " ആണ്. വിൻഡ് റണ്ണർ യാഥാർത്ഥ്യമായാൽ ആന്റനോവിന്റെ റെക്കാഡ് തകർക്കപ്പെടും. 275 അടി നീളമുണ്ടായിരുന്ന ചരക്കുവിമാനമായ ആന്റനോവ് യുക്രെയിൻ അധിനിവേശത്തിനിടെ തകർന്നിരുന്നു. ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനവും ആന്റനോവ് ആയിരുന്നു.

1980കളിൽ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബുറാൻ ക്ലാസ് ഓർബിറ്ററുകളെയും റോക്കറ്റുകളെയും വഹിക്കാൻ വേണ്ടിയാണ് ആന്റനോവിനെ രൂപകല്പന ചെയ്തത്.

ആന്റനോവിന്റെ നിർമ്മാണം നടന്നത് യുക്രെയ്‌നിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നതിനാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ ആന്റനോവ് യുക്രെയിനിന്റെ കൈകളിലെത്തുകയായിരുന്നു.