arvind-kejrival

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. അരവിന്ദ് കെജ്‌രിവാളിന്റെ അഞ്ച് ഫോണുകളും ലാപ്‌ടോപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. കെജ്‌രിവാളിനെ ഇന്ന് തന്നെ ഇ.ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇ.ഡി ആസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങളാണ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ അരങ്ങേറുന്നത്. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

വന്‍ പൊലീസ് സന്നാഹമാണ് ഇ.ഡി സംഘം കെജ്‌രിവാളിന്റെ വസതിയില്‍ എത്തിയതിന് പിന്നാലെ ഗേറ്റിന് മുന്നില്‍ അണിനിരന്നത്. അപ്പോള്‍ മുതല്‍ അറസ്റ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവത്തെ നിയമപരമായി നേരിടാനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.

അറസ്റ്റിനെതിരെ ഹര്‍ജി സമര്‍പ്പിക്കുമെന്നും ഇന്ന് തന്നെ അടിയന്തര വാദം കേള്‍ക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെടും.അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ തുടരുമെന്നും ജയിലില്‍ കിടന്ന് ഭരിക്കുമെന്നും എഎപി വ്യക്തമാക്കി. ജയിലില്‍ കിടന്ന് അദ്ദേഹം ഭരണം നടത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയകേസില്‍ ഒമ്പത് തവണ കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകരുതെന്ന കെജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇ.ഡി സംഘത്തിന്റെ കയ്യില്‍ പരിശോധന നടത്താനുള്ള വാറന്റ് ഉണ്ടായിരുന്നു. സമന്‍സ് നല്‍കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് ഇ.ഡി സംഘം നേരത്തെ പ്രതികരിച്ചത്.