women

ആലപ്പുഴ : സ്വകാര്യ ബസുകളെ 'നല്ലവഴി'ക്ക് നയിക്കാന്‍ വനിതാ കണ്ടക്ടര്‍മാരെ തേടി മോട്ടോര്‍ വാഹന വകുപ്പ്. ഇതുവരെ കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും കുടുംബശ്രീ ഉള്‍പ്പടെയുള്ള വനിതാ കൂട്ടായ്മകള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജില്ലയിലെ ബസുടമകളുമായി ആര്‍.ടി.ഒ നടത്തിയ ചര്‍ച്ചയില്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതില്‍ അനുകൂല നിലപാടാണുണ്ടായത്.

സ്വകാര്യ ബസ് ജീവനക്കാരില്‍ പലരും യാത്രക്കാരോട് സൗഹൃദപരമായല്ല പെരുമൊറുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. ജോലിക്കിടെ ലഹരി ഉപയോഗിക്കുന്നവരുമുണ്ട്. സ്ത്രീകള്‍ കണ്ടക്ടര്‍മാരായെത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

സ്വകാര്യ ബസിലെ തുറന്നു കിടന്ന വാതിലിലൂടെ തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്കുപറ്റിയതിനെ തുടര്‍ന്ന് സ്വകാര്യ ബസുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് 85 ശതമാനം സ്വകാര്യ ബസുകളിലും സര്‍വീസിനിടെ വാതില്‍ അടയ്ക്കുന്നുണ്ട്. ചില ബസുകളില്‍ ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഒരു ദിവസം രണ്ട് പേര്‍ക്ക് ജോലി

1.അതിരാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ദിവസം രണ്ട് പേര്‍ക്ക് ജോലി വീതം വയ്ക്കാം

2. രാവിലെ 7 മണിക്ക് ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഉച്ചയ്ക്ക് 1വരെയും തുടര്‍ന്ന് ഒരു മണി മുതല്‍ രാത്രി വരെ അടുത്ത ആളും

3.ഇതോടെ കൂടുതല്‍പേര്‍ക്ക് ജോലി ലഭ്രക്കാനുള്ള അവസരം ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു

4. ഒരു ദിവസത്തെ വേതനം രണ്ടായി വിഭജിച്ച് നല്‍കണം. 1300 രൂപയാണ് ദിവസ വേതനമെങ്കില്‍ അത് 650 രൂപ വീതമാക്കി വിഭജിക്കും

വനിതാ കണ്ടക്ടര്‍ യോഗ്യതകള്‍

എസ്.എസ്.എല്‍.സി

ശാരീരിക ക്ഷമതാ സര്‍ട്ടിഫിക്കറ്റ്

സ്വഭാവ സര്‍ട്ടിഫിക്കറ്റ്

മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരീക്ഷയില്‍ 25 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയാക്കണം

പല സ്ത്രീകളും കണ്ടക്ടര്‍ ജോലിയുടെ വിവരങ്ങള്‍ തേടി ഓഫീസിലേക്ക് വിളിക്കുന്നുണ്ട്. ജോലിക്ക് തയ്യാറായി ആരും നേരിട്ടെത്തിയിട്ടില്ല. കുടുംബശ്രീ പോലുള്ള സംഘടനകള്‍ കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു

- എ.കെ.ദിലു, ആര്‍.ടി.ഒ, ആലപ്പുഴ