attack

കുന്നംകുളം: ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂരത്തിനിടെ സർജിക്കൽ ബ്ളേഡിന് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം വൈശേരി പുളിക്കപ്പറമ്പിൽ വീട്ടിൽ ജിനീഷ് രാജ്, കുന്നംകുളം പടിഞ്ഞാറങ്ങാടി പനക്കൽ വീട്ടിൽ ജെറിൻ, വൈശ്ശേരി സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ നിബു എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെ അമ്പലത്തിന് മുൻപിലായിരുന്നു സംഘർഷം.

സംഭവത്തിൽ ഏഴ് പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. സംഘർഷത്തിൽ ചിറളയം സ്വദേശികളായ ഷൈൻ സി.ജോസ്, ലിയോ പി.വർഗീസ്, വിപിൻ എന്നിവർക്കും പ്രതികൾക്കും പരിക്കേറ്റിരുന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. ചിറളയം പള്ളിപ്പെരുന്നാളിനിടെയുണ്ടായ തർക്കത്തിന്റെ പ്രതികാരമായാണ് പ്രതികൾ യുവാക്കൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷൈൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നേരത്തേ കണ്ണൂരിൽ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ സർജിക്കൽ ബ്ളേഡുകൾ ഉപയോഗിക്കുന്നത് വ്യാപകമായിരുന്നു. ഇരയ്ക്ക് പരമാവധി മാരക പരിക്കേൽപ്പിക്കുകയായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്.