
കറുപ്പിനെതിരെ അവഹേളനവുമായി ഉറഞ്ഞുതുള്ളിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. ഒരാൾ പോലും സത്യഭാമയെ അനുകൂലിച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. തീരെ തരംതാണ പരാമർശങ്ങളാണ് സത്യഭാമയുടെ ഭാഗത്തുനിന്നുണ്ടാതെന്നും മാദ്ധ്യമങ്ങളോട് അവർ നടത്തിയ പരാമർശങ്ങൾ ശുദ്ധവിവരക്കേടും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിലൊന്നാണ് കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ടോ എന്നുള്ള സത്യഭാമയുടെ ചോദ്യം. ലോകത്ത് എണ്ണപ്പെടുന്ന സൗന്ദര്യമത്സങ്ങളിൽ വിജയിച്ച് കിരീടം ചൂടിയ നിരവധി കറുത്ത സുന്ദരിമാരുണ്ട്. ഒരുമത്സരവേദിയിൽനിന്നും നിറം കറുപ്പായതുകൊണ്ട് കഴിവുള്ള ആരെയും മാറ്റിനിറുത്തുന്നില്ല. ഇതുമനസിലാക്കാതെയായിരുന്നു സത്യഭാമയുടെ പ്രതികരണം. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സൗന്ദര്യമത്സരങ്ങളുടെ കിരീടം കറുത്ത സ്ത്രീകൾ ഒരേസമയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയ, ലോകം ആരാധനയോടെ നോക്കുന്ന ആ സുന്ദരിമാരെ പരിചയപ്പെടാം.
ടോണി-ആൻ സിംഗ്
ലണ്ടനിൽ നടന്ന 2019ലെ മിസ് വേൾഡ് മത്സരത്തിൽ ലോകമെമ്പാടുമുള്ള 120 പേരാണ് പങ്കെടുത്തത്. മിസ് വേൾഡ് മത്സരത്തിന്റെ 69-ാമത് എഡിഷനായിരുന്നു ഇത്. ഫലം വന്നപ്പോൾ എല്ലാവരെയും പിന്നിലാക്കി ജമൈക്കയിൽ നിന്നുള്ള ടോണി-ആൻ സിംഗ് ലോക സുന്ദരിയായി. ടോണിയുടെ അമ്മ ആഫ്രിക്കൻ-കരീബിയൻ വംശജയായ ജമൈക്ക സ്വദേശിനിയാണ്. പിതാവാകട്ടെ ഇൻഡോ-കരീബിയൻ വംശജനുമാണ്. ജമൈക്കയിലെ മൊറന്റ് ബേയിൽ ജനിച്ച ടോണി ഒൻപതാം വയസിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കി. ഫ്ലോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിമൺസ് സ്റ്റഡീസിലും മനഃശാസ്ത്രത്തിലും ബിരുദം നേടി. ജമൈക്കയിൽ നിന്ന് ലോകസുന്ദരി പട്ടം നേടുന്ന നാലാമത്തെ ആളാണ് ടോണി. 1993 ൽ ലിസ ഹന്ന കിരീടം നേടി. അതിനുമുമ്പ് 1963ലും 1976ലും ജമൈക്കയ്ക്ക് ലോകസുന്ദരി കിരീടം ലഭിച്ചിട്ടുണ്ട്.

നിയ ഇമാനി ഫ്രാങ്ക്ലിൻ
സൗന്ദര്യമത്സരവിജയി എന്നതിലുപരി അറിയപ്പെടുന്ന സംഗീത സംവിധായകയുമാണ് നിയ ഇമാനി ഫ്രാങ്ക്‌ലിൻ. 2018 ജൂണിൽ മിസ് ന്യൂയോർക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റയിൽ വച്ചുനടന്ന മിസ് അമേരിക്ക 2019 മത്സരത്തിൽ വെളുത്തവർഗക്കാരുൾപ്പടെയുള്ളവരെ പിന്തള്ളിയാണ് നിയ കിരീടം സ്വന്തമാക്കിയത്. നിയയുടെ വിജയത്തോടെ അമേരിക്ക ആസ്ഥാനമായി നടത്തുന്ന നാല് പ്രധാന സൗന്ദര്യമത്സരങ്ങളിൽ കറുത്തവർഗക്കാരായ സ്ത്രീകൾ വിജയിക്കുന്ന വർഷം കൂടിയായി 2019. ദക്ഷിണാഫ്രിക്കയിലെ സോസിബിനി ടുൻസി ( മിസ് യൂണിവേഴ്സ് 2019 ), കലീഗ് ഗാരിസ് ( മിസ് ടീൻ യുഎസ്എ 2019 ), ചെസ്ലി ക്രിസ്റ്റ് ( മിസ് യുഎസ്എ 2019 ) എന്നിവരായിരുന്നു മറ്റ് ടൈറ്റിൽ ഹോൾഡർമാർ.

സോസിബിനി ടുൻസി
ദക്ഷിണാഫ്രിക്കൻ മോഡലും അഭിനേത്രിയുമാണ് സോസിബിനി ടുൻസി എന്ന സോസി ടുൻസി. 2019ലെ മിസ് സൗത്ത് ആഫ്രിക്ക കിരീടനേട്ടമാണ് ആദ്യം സ്വന്തമാക്കിയത്. തുടർന്ന് മിസ് യൂണിവേഴ്സ് 2019 കിരീടവും കൈപ്പിടിയിലൊതുക്കി. ദക്ഷിണാഫ്രിക്കയിൽ നിന്ന് സൗന്ദര്യമത്സരത്തിൽ വിജയിയാകുന്ന മൂന്നാമത്തെ വ്യക്തിയും സൗന്ദര്യപട്ടം ചൂടുന്ന കറുത്തവർഗക്കാരിയായ ആദ്യ വനിതയുമാണ് സോസിബിനി.

ചെസ്‌ലി ക്രിസ്റ്റ്
അമേരിക്കൻ ടെലിവിഷൻ അവതാരകയും, മാേഡലും, ഫാഷൻ ബ്ലോഗറും നിയമജ്ഞയുമായിരുന്നു ചെസ്‌ലി ക്രിസ്റ്റ് എന്ന ചെസ്ലി കോറിൻ ക്രിസ്റ്റ്. 2019 ലാണ് മിസ് യുഎസ്എ കിരീടം സ്വന്തമാക്കിയത്. സൗത്ത് കരോലൈന സർവകലാശാല, വേക്ക് ഫോറസ്റ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബിരുദംനേടിയിട്ടുണ്ട്. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ അവർ തടവുകാർക്ക് സൗജന്യമായി നിയമസഹായം നൽകിയിരുന്നു. 2022ൽ ചെസ്‌ലിയെ മരണം അകാലത്തിൽ കവർന്നെടുത്തു. രണ്ടുതവണ ചെസ്‌ലിയെ എമ്മി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

കലീഗ് ഗാരിസ്
അമേരിക്കൻ ടിവി അവതാരകയും അറിയപ്പെടുന്ന മോഡലുമാണ് കലീഗ് ഗാരിസ്. 2000 ഓഗസ്റ്റ് 21നായിരുന്നു ജനനം. 2019ലാണ് മിസ് ടീൻ യുഎസ്എ പട്ടം കലീഗിനെ തേടിയെത്തിയത്. ഗാരിസ് മുമ്പ് മിസ് കണക്റ്റിക്കട്ട് ടീൻ യുഎസ്എ 2019 കിരീടം നേടിയിരുന്നു; മിസ് ടീൻ യുഎസ്എ 2012 കിരീടം നേടിയ ലോഗൻ വെസ്റ്റിന് ശേഷം കണക്റ്റിക്കട്ടിൽ നിന്ന് മിസ് ടീൻ യുഎസ്എ ആയി കിരീടം നേടിയ രണ്ടാമത്തെ വ്യക്തിയായിരുന്നു ഗാരിസ്.

.