arvind-kejriwal

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് കേജ്‌രിവാളിനെ കോടതിയിൽ എത്തിച്ചത്. കോടതി നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് ഇഡിക്ക് വേണ്ടി ഹാജരായത്. കേജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയും ഹാജരായി.

അറസ്റ്റിന്റെ അനിവാര്യത ഇഡി കോടതിയെ അറിയിച്ചു. വാട്‌സ്‌ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകളുണ്ട്. നയരൂപീകരണത്തിൽ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. പി എം എൽ എ പ്രകാരമുള്ള നടപടി പാലിച്ചാണ് അറസ്റ്റ്. നയരൂപീകരണത്തിലും ലൈസൻസിലും കോഴ വാങ്ങി. അഴിമതിയിൽ മലയാളിയായ വിജയ് നായരാണ് ഇടനിലക്കാരൻ. കെ കവിതക്കായി സൗജന്യങ്ങൾ നൽകി. അഴിമതിപ്പണം പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു.

ഇഡി അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി കേജ്‌രിവാൾ പിൻവലിച്ചിരുന്നു. വിചാരണ കോടതിയിൽ കേജ്‌രിവാളിനെ ഹാജരാക്കുമെന്നതിനാലാണ് ഹ‌ർജി പിൻവലിച്ചത്.

അതേസമയം കേജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് ആം ആദ്മി പാർട്ടി. രാവിലെതന്നെ എഎപി ആസ്ഥാനത്ത് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.

ഇന്നലെ ഇഡി സംഘം കേജ്‌രിവാളിനെ ഔദ്യാഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് ഒൻപത് മണിയോടെ അറസ്റ്റുചെയ്തത്. മദ്യനയ അഴിമതിക്കേസിലെ പ്രധാന സൂത്രധാരൻ കേജ്‌രിവാൾ ആണെന്നാണ് ഇഡ‌ിയുടെ വാദം. സമാനക്കേസിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആംആദ്‌മി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു. പിന്നാലെ മദ്യനയത്തിൽ കോഴ ഇടപാട് ആരോപിച്ച് ഒക്‌ടോബറിൽ ആംആദ്‌മി എം പി സഞ്ജയ് സിംഗും അറസ്റ്റിലായി. തെലങ്കാന മുൻമുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത കഴിഞ്ഞയാഴ്‌ച അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ കേജ്‌രിവാളും ഇഡിയുടെ അറസ്റ്റിലായത്.