investment

ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവിയിലേക്കായി മാ​റ്റിവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരുപാട് നിക്ഷേപ പദ്ധതികളാണ് കാത്തിരിക്കുന്നത്. അവയിലേതാണ് നല്ലതെന്ന് തിരഞ്ഞെടുത്ത് പണം നിക്ഷേപിക്കുമ്പോഴാണ് മികച്ച ലാഭം ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തന്നെ നിരവധി നിക്ഷേപക പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. മുതിർന്ന പൗരൻമാർക്കായുളള നിക്ഷേപ പദ്ധതികൾ, സുകന്യ സമൃദ്ധി പദ്ധതി,മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്ക​റ്റ് തുടങ്ങിയവ ചിലതുമാത്രമാണ്.

എന്നാൽ ഒരു നിശ്ചിത കാലം കൊണ്ട് നിക്ഷേപ തുക ഇരട്ടിക്കുന്ന പദ്ധതിയാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യുന്നത്. അങ്ങനെയുളള ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). പുതിയതായി നിക്ഷേപ പദ്ധതികളിൽ ചേരുന്നവർക്കുപോലും വിശ്വസിച്ച് പണം നിക്ഷേപിക്കാൻ കഴിയുന്നതാണ് കെവിപി. തപാൽ വകുപ്പിന്റെ കീഴിൽ വരുന്ന ഒരു പദ്ധതിയാണിത്. 9.5 വർഷത്തെ (115മാസം) ഒ​റ്റത്തവണ നിക്ഷേപം കൊണ്ട് പണം ഇരട്ടിപ്പിക്കാവുന്നതാണ്. മാത്രമല്ല പ്രതിവർഷം 7.5 ശതമാനം പലിശയും നിക്ഷേപകന് ലഭിക്കും.ഉദാഹരണത്തിന് കെവിപിയിലൂടെ 5000 രൂപയാണ് നിങ്ങൾ നിക്ഷേപിച്ചതെങ്കിൽ മെച്യൂരി​റ്റി കാലയളവ് കൊണ്ട് 10,000 രൂപ ലഭിക്കും. 1000 രൂപയുടെ നിക്ഷേപം നടത്തി നിങ്ങൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. അതിന് ശേഷം നൂറിന്റെ ഗുണിതങ്ങളായി നിക്ഷേപങ്ങൾ തുടർന്നാൽ മതി. എത്ര രൂപയുടെ നിക്ഷേപവും നടത്താവുന്നതാണ്.

പദ്ധതിയിൽ ചേരാനുളള യോഗ്യത

1. ഒ​റ്റയ്‌ക്കോ അതോ ജോയിന്റ് അക്കൗണ്ടായോ കെവിപിയിൽ ചേരാം. ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേരെങ്കിലും ഉണ്ടായിരിക്കണം.

2. പത്ത് വയസിന് മുകളിൽ പ്രായമുളള കുട്ടികൾക്കായോ മാനസിക വൈകല്യം ബാധിച്ചവരുടെ പേരിലും പദ്ധതിയിൽ ചേരാം.

പ്രതിദിനം 200 രൂപ നിക്ഷേപിച്ചാൽ
നിങ്ങൾ പ്രതിദിനം 200 രൂപ വീതം ഒരു വർഷം നിക്ഷേപിച്ചാൽ 115 മാസം കൊണ്ട് കെവിപിയിലൂടെ തുക ഇരട്ടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിലൂടെ ഒരു വർഷം കൊണ്ട് നിക്ഷേപം 73,000 രൂപയാകും. ഈ നിക്ഷേപം 115 മാസം അഥവാ ഒമ്പത് വർഷവും ഏഴ് മാസവും നിലിനിർത്തിയാൽ പലിശയിനത്തിൽ 7.5 ശതമാനം ചേർത്ത് ആകെ 1,46,000 രൂപ കിട്ടും.