
സ്വരമാധുര്യം കൊണ്ട് കോടിക്കണക്കിന് പേരുടെ ഹൃദയം കവർന്ന ഇന്ത്യയുടെ സ്വന്തം വാനമ്പാടിയാണ് ലതാ മങ്കേഷ്‌കർ. അനശ്വര ഗായികയുടെ സംഗീതജീവിതം ഏവർക്കും സുപരിചിതമാണെങ്കിലും അധികമാർക്കും അറിയാത്ത ഒരു ലതാ മങ്കേഷ്‌കറുണ്ട്, ഒരു അനശ്വര പ്രണയിനിയുടെ ആൾരൂപമായ ലതാ മങ്കേഷ്‌കർ. ഒരൊറ്റയാളെ മാത്രം ജീവിതകാലം മുഴുവൻ സ്‌നേഹിച്ച് അയാൾക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവച്ച പ്രണയിനി.
ക്രിക്കറ്റും സിനിമാ രംഗവും തമ്മിൽ പണ്ടുമുതൽക്കേ ബന്ധമുണ്ട്. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും വിവാഹിതരാവുന്നത് അനുഷ്‌ക ശർമയിൽ നിന്നോ ടൈഗർ പട്ടൗഡി - ഷർമിള ടാഗോർ ജോഡിയിൽ നിന്നോ തുടങ്ങിയതല്ല, അതിനും വർഷങ്ങൾക്ക് മുൻപ് അധികം അറിയപ്പെടാത്ത ഒരു താരജോഡിയുണ്ടായിരുന്നു. ഒരു വിഖ്യാത ഗായികയും ഒരു ക്രിക്കറ്റ് താരവും. എന്നാലീ ക്രിക്കറ്റ് താരം വെറുമൊരു കളിക്കാരനായിരുന്നില്ല, ഒരു പ്രശസ്‌ത രാജകുടുംബത്തിലെ ഇളംതലമുറക്കാരനായിരുന്നു.
ലതയുടെ ഹൃദയംകവർന്ന രാജകുമാരൻ
ഇന്നത്തെ രാജസ്ഥാനിലെ രാജഭരണപ്രദേശമായിരുന്ന രാജ്‌പുതാനയിലെ ദുംഗാർപൂർ രാജകുടുംബത്തിലെ കിരീടാവകാശിയായ രാജ് സിംഗ് ദുംഗാർപൂർ ആണ് കഥയിലെ നായകൻ. ക്രിക്കറ്റ് കളിക്കാരന് പുറമെ അഭിഭാഷകനുമായിരുന്നു രാജ് സിംഗ്. ദുംഗാർപൂരിന്റെ ഭരണാധികാരിയായ മഹരാവൽ ലക്ഷ്മൺ സിംഗ്‌ജിയുടെ ഏറ്റവും ഇളയ പുത്രനായിരുന്നു രാജ് സിംഗ്. 1935ലാണ് അദ്ദേഹം ജനിച്ചത്.

മദ്ധ്യഭാരതത്തിനുവേണ്ടിയാണ് അദ്ദേഹം ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചത്. പിന്നീട് രാജസ്ഥാനുവേണ്ടിയും പിന്നീട് സെൻട്രൽ ഇന്ത്യയ്ക്ക് വേണ്ടിയും കളിച്ചു. 1950കളിൽ നിയമം പഠിക്കുന്നതിനായി അദ്ദേഹം ബോംബെയിലേയ്ക്ക് വണ്ടി കയറി. ഇതിനിടയിലും രഞ്ജി ട്രോഫിക്കായി കളിക്കുന്നത് തുടർന്നു. ബോംബെയിൽ ക്ളബ് ക്രിക്കറ്റിൽ കളിക്കുന്നതിനിടെ ലതാ മങ്കേഷ്‌കറുടെ സഹോദരനായ ഹൃദയാനാഥ് മങ്കേഷ്‌കറുമായി സൗഹൃദത്തിലായി. തുടർന്നാണ് ലതയെ പരിചയപ്പെടുന്നത്. വളരെപ്പെട്ടെന്നുതന്നെ അടുത്ത ഇരുവരും താമസിക്കാതെ പ്രണയിതാക്കളുമായി.
വില്ലനായി വിധി
കിരീടാവകാശിയായിരുന്നില്ലെങ്കിലും രാജകുമാരനായിരുന്നതിനാൽ രാജ് സിംഗ് ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കുന്നത് കുടുംബം എതിർത്തു. 1929 സെപ്തംബർ 28ന് മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ലതാ മങ്കേഷ്‌കർ ജനിച്ചത്. മറാഠി നാടക വേദിയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ഗായകനും നടനും സംവിധായകനുമൊക്കെയായ ദിനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിരയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് ലതാ മങ്കേഷ്‌കർ.
ലതയ്ക്ക് പതിമൂന്ന് വയസുള്ളപ്പോഴായിരുന്നു പിതാവിന്റെ വിയോഗം. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പതിമൂന്നുകാരിയുടെ ചുമലിലായി. കുടുംബ സുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിലേക്ക് അവസരം വാങ്ങിക്കൊടുത്തത്. പിന്നീടങ്ങോട്ട് സംഗീതലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആ ഗായിക.
ലതയെ വിവാഹം കഴിക്കുന്നതിന് മാതാപിതാക്കളെ സമ്മതിപ്പിക്കാൻ രാജ് സിംഗ് ഏറെ ശ്രമിച്ചെങ്കിലും ഒന്നും ഫലംകൊണ്ടില്ല. ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാനാവില്ലെന്ന് അവർ കട്ടായം പറഞ്ഞു. കൂടാതെ സിനിമാ മേഖലയിലുള്ളയാളെ മകൻ വിവാഹം കഴിക്കുന്നതിനോടും രാജ് സിംഗിന്റെ മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു. തുടർന്ന് ലതയെ വിവാഹം കഴിക്കില്ലെന്ന് രാജ് സിംഗിന് ഉറപ്പ് നൽകേണ്ടി വന്നു.
എന്നിരുന്നാലും ലതയും രാജും പ്രണയം തുടർന്നു. പിന്നീട് രാജ് സിംഗ് ബിസിസിഐയുടെ പ്രസിഡന്റ് ആയപ്പോൾ ഇന്ത്യൻ മണ്ണിൽ കളിക്കുന്ന എല്ലാ മത്സരങ്ങളിൽ ലതയ്ക്ക് അദ്ദേഹം ടിക്കറ്റ് ഉറപ്പുവരുത്തി.
പരസ്‌പരം വിവാഹം കഴിക്കാനായില്ലെങ്കിൽ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ഇരുവരും തീരുമാനിച്ചു. അവസാന നാൾ വരെയും ഇരുവരും അവിവാഹിതരായി തുടർന്നു. ലതയുടെ പാട്ട് കേൾക്കാനായി രാജ് സിംഗ് തന്റെ പോക്കറ്റിൽ എപ്പോഴും ഒരു ടേപ്പ് റെക്കാഡർ കരുതുമായിരുന്നു. ബിസിസിഐയുടെ ഫണ്ട് സ്വരൂപണത്തിനായി ലത സംഗീതക്കച്ചേരികളും നടത്തിയിരുന്നു. 73ാം വയസിൽ 2009ലാണ് രാജ് സിംഗ് മരണപ്പെട്ടത്. 92ാം വയസിൽ 2022ൽ ലതാ മങ്കേഷ്‌കറും സംഗീത ലോകത്തോട് വിടപറഞ്ഞു.