bihar-

പാട്ന: ബീഹാറിലെ സുപോളിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മധുബനിയിലെ ഭേജയെ സുപൗൾ ജില്ലയിലെ ബകൗറുമായി ബന്ധിപ്പിക്കുന്നതാണ് പാലം.

കോശി നദിക്ക് കുറുകെ 10.2 കിലോമീറ്ററാണ് പണിയുന്നത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻ.എച്ച്.എ.ഐ) നിർമ്മാണം. ആശുപത്രിയിലേക്കും പോകുംവഴിയാണ് ഒരാൾ മരിച്ചത്. മറ്റുള്ളവർ അപകടനില തരണം ചെയ്‌തു. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. അപകടകാരണം വിലയിരുത്താനും ആവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.എച്ച്.എ.ഐ വിദഗ്ദ്ധർ സ്ഥലത്തെത്തി. സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം ആരംഭിച്ചു. പാലത്തിന് 171 തൂണുകളാണുള്ളത്. 153 -ാമത്തെ തൂണാണ് തകർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റോഡ് നിർമ്മാണ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാറും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.