തൊടുപുഴ: നഗരത്തിൽ ആശുപത്രി ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ മോഷണവും രണ്ട് മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമവും നടന്നു. നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ആശുപത്രി ഉപകരണങ്ങൾ വിൽക്കുന്ന ആദംസ് സർജിക്കൽസിലാണ്‌ മോഷണം നടന്നത്. സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് 2500 രൂപയോളം കവർന്നു. സമീപം പ്രവർത്തിക്കുന്ന രണ്ട് മെഡിക്കൽ സ്റ്റോറുകളിലും മോഷണം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച പുലർച്ച ഒന്നേ മുക്കാലിനും സംഭവം. ഷട്ടറിന്റെ പൂട്ട് അറുത്ത് മാറ്റി അകത്ത് കയറിയ ഇയാൾ ഓഫീസിലെയും ക്യാഷ് കൗണ്ടറിലെയും മേശകൾ പരിശോധിച്ചു ഇതിലുണ്ടായിരുന്ന പണം കൈക്കലാക്കി. ഓഫീസിൽ നിന്ന് താക്കോലെടുത്ത് പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിരുന്ന പിക്കപ്പ്‌ മോഷ്ടിക്കാൻ ശ്രമിച്ചത്. സ്റ്റാർട്ടാകാത്തതിനെ തുടർന്ന് താക്കോൽ ഷട്ടറിന് സമീപം ഉപേക്ഷിച്ച് ലൈറ്റ്‌ ബോർഡിന്റെ ഫ്യൂസ് തിരികെ കുത്തിയതിന്‌ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്. ഈ ദൃശ്യങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, മുഖംമൂടിയും തൊപ്പിയും ധരിച്ചിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. രണ്ട് ഷട്ടറാണ് കടയ്ക്കുള്ളത്. ഇതിൽ ഒരു ഷട്ടറുള്ള ഭാഗത്ത് മാത്രമേ ഗ്ലാസ്‌ ഡോറുള്ളൂ. കൃത്യം ഈ ഷട്ടറിന്റെ പൂട്ടാണ്‌ മോഷ്ടാവ് തകർത്തത്. വ്യാഴാഴ്ച രാവിലെ 8.50ന് എത്തിയ ജീവനക്കാരാണ് പൂട്ട് തകർത്തത് ആദ്യം കണ്ടത്. ഉടൻ തന്നെ ഉടമ ജെയ്‌സൺ മാത്യുവിനെ അറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ വിവരം അറിയിച്ചത്. തൊടുപുഴ സി.ഐ. എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.