
തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ചുവരെഴുത്താണ് നിലവിൽ ജില്ലയിലെ പാർട്ടി അണികൾക്കിടിയിൽ വൈറൽ. ആറ്റുകാൽ ക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ 100 അടിയിൽ കൂടുതൽ നീളത്തിലാണ് ചുവരെഴുത്ത് ഒരുക്കിയിരിക്കുന്നത്. വെളിച്ചമില്ലെങ്കിലും സ്ഥാനാർത്ഥിയുടെ പേര് തെളിഞ്ഞ് കാണാകുമെന്നതാണ് പ്രത്യേകത. സി.പി.ഐ ആറ്റുകാൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചുവരെഴുത്തിന്റെ ദൃശ്യങ്ങൾ പാർട്ടി ലോക്കൽ സെക്രട്ടറി ഷിബു കെ.സുരേന്ദ്രൻ സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവിന് വാട്സാപ്പിലൂടെ പങ്കുവച്ചു.
വിപ്ലവ ഗാനത്തിന്റെ അകമ്പടിയോടെ 12ന് ബിനു ഇത് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് തരംഗമായത്. രണ്ടര ലക്ഷത്തോളം ആളുകൾ കാണുകയും 2,000ത്തോളം പേർ പങ്കിടുകയും ചെയ്ത പോസ്റ്റിൽ 8,000 പേർ ലൈക്കടിച്ച് ഇഷ്ടമറിയിച്ചു. രണ്ടുദിവസം കൊണ്ട് പ്രവീൺ ഹരിശ്രീയാണ് പന്ന്യന് വേണ്ടി വൈറലായിക്കൊണ്ടിരിക്കുന്ന ചുവരെഴുതിയത്.