കാഞ്ഞങ്ങാട്: വാടകക്കെടുത്ത വീട്ടിൽ അതീവ രഹസ്യമായി ഒളിപ്പിച്ചുവച്ച 7.25 കോടിയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് തിരയുന്ന സൂത്രധാരനും സുഹൃത്തും കർണാടകയിലേക്ക് കടന്നു. സൂത്രധാരൻ സുള്ള്യ സ്വദേശി സുലൈമാൻ (31), പാണത്തൂർ സ്വദേശി അബ്ദുൾ റസാഖ് (45) എന്നിവരാണ് മുങ്ങിയത്. ഇരുവരെയും കണ്ടെത്താൻ അമ്പലത്തറ പൊലീസ് കർണാടക പൊലീസിന്റെ സഹായം തേടി. സുള്ള്യയിൽ നിന്ന് പത്ത് വർഷം മുമ്പ് ബേക്കൽ പൊലീസ് പരിധിയിലെ മൗവ്വൽ ഹദ്ദാദിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്ന സുലൈമാൻ ലക്ഷങ്ങൾ സമ്പാദിച്ചത് കള്ളനോട്ട് ഇടപാടിലൂടെ ആണെന്ന് പൊലീസ് സംശയിക്കുന്നു. പറയങ്ങാനത്ത് ഇയാൾ ഒരു കോടി രൂപ ചിലവിൽ മാളികവീട് പണിയുന്നുണ്ട്. ഭാര്യയുടെ കൂടെ ഹദ്ദാദിൽ താമസിച്ചു വരുന്ന ഇയാൾ അടുത്തിടെ പെട്ടെന്ന് പണക്കാരൻ ആയതാണെന്ന് പറയുന്നു. ഇയാളുടെ ഹദ്ദാദിലുള്ള വാടക വീടും മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കർണാടകയിലോ ശിവകാശിയിലോ അച്ചടിച്ച് കേരളത്തിലേക്ക് കടത്തിയ 2000 രൂപയുടെ ഒറിജിനൽ നോട്ടുകളെ വെല്ലുന്ന കള്ളനോട്ടുകളാണ് അമ്പലത്തറ ഗുരുപുരത്തെ അബ്ദുൾ റസാഖിന്റെ വാടക വീട്ടിൽ നിന്ന് ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്ക്, അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സുലൈമാന്റെ കള്ളനോട്ട് ഇടപാടിൽ മുഖ്യപങ്ക് വഹിക്കുന്ന പാണത്തൂർ സ്വദേശി അതീവ രഹസ്യമായാണ് വാടക വീട്ടിലെ പൂജാമുറിയിലും കിടപ്പുമുറിയിലുമായി കള്ളനോട്ടുകൾ ഒളിപ്പിച്ചു വച്ച് മുങ്ങിയത്. പ്രവാസിയായ കെ.പി.ബാബുരാജിൽ നിന്ന് ഒരു വർഷം മുമ്പാണ് ഇയാൾ വീട് വാടകക്ക് എടുത്തിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്ത് തുടർന്ന് ബുധനാഴ്ച വൈകുന്നേരം വീട്ടിൽ പരിശോധന നടത്തി എട്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഈ നോട്ടുകളുമായി പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ കള്ളനോട്ടുകൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം സന്ധ്യക്ക് വീണ്ടും വീട്ടിലെത്തി അടഞ്ഞുകിടന്നിരുന്ന പൂജാമുറി കുത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാക്കിയുള്ള കോടികളുടെ കള്ളനോട്ടുകളും കണ്ടെത്തിയത്.