boat

കൊടുങ്ങല്ലൂർ: തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം (കരവലി) നടത്തിയ ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴ ചുമത്തി. നോർത്ത് പറവൂർ കുഞ്ഞിത്തൈ സ്വദേശി നെടിയാറ വീട്ടിൽ ശ്രീലാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള മയിൽ വാഹനം എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പിടിച്ചെടുത്ത് പിഴ ചുമത്തിയത്. കരവലി കേന്ദ്രസംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തി തീരക്കടലിൽ മത്സ്യ ബന്ധനം നടത്തിയത്. പരിശോധനയും നടപടികളും കർശനമാക്കാൻ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിർദ്ദേശം ൽകിയിരുന്നു. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കെ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മുനമ്പം ഭാഗത്ത് നിന്ന് വന്ന ബോട്ട് പിടിയിലായത്. അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. നിയമനടപടികൾ പുർത്തിയാക്കി 2.5 ലക്ഷം പിഴ ഈടാക്കി. പ്രത്യേക പരിശോധനാ സംഘത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, എഫ്.ഇ.ഒ അശ്വിൻ രാജ് , എ.എഫ്.ഇ.ഒ സംനഗോപൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആ‌ർ. ഷിനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കരവലി

തീരക്കടലിൽ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതിയാണ് കരവലി. ഇങ്ങനെ ചെയ്യുന്നതിനാൽ മത്സ്യസമ്പത്ത് കുറയാനിടയാക്കും. പരമ്പരാഗത മത്സ്യതൊഴിലാളിക്ക് മത്സ്യലഭ്യത കുറയും. ഇതുസംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിന് പരാതി നൽകിയിരുന്നു.