money

മലപ്പുറം: വളാഞ്ചേരിയിലെ ബസ് സ്റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൽ റൗഫിന്റെ(43) കൈവശം നിന്നാണ് കുഴൽപണം പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശരതിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണ സംഘം ബസ് സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവാവിനെ പിടികൂടിയത്.

കോയമ്പത്തൂരിൽ നിന്നാണ് കുഴൽപണം കൊണ്ടുവന്നതെന്നും മലപ്പുറത്തെ വിവിധയിടങ്ങളിൽ പണം കൊടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ സഞ്ചി ശരീരത്തിൽ കെട്ടിവെച്ചാണ് അബ്‌ദുൽ റൗഫ് പണം കടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, ഒ​റ്റപ്പാലത്ത് കഞ്ചാവും രാസലഹരിയുമായി കൊട്ടേഷൻ സംഘത്തിലെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പട്ടാമ്പി പരുത്തിപ്ര മേലെ പുറത്ത് വീട്ടിൽ ബാബുരാജാണ് (35) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് 5.150 കിലോഗ്രാം കഞ്ചാവും 38.884 ഗ്രാം മെത്താഫി​റ്റാമിനും കണ്ടെടുത്തു. യുവാവിനെതിരെ നാർക്കോട്ടിക് സെൽ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.