
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. തഴവ കടത്തൂർ കരിയപ്പള്ളി കിഴക്കതിൽ ബ്ലാക്ക് എന്നറിയപ്പെടുന്ന വിഷ്ണുവിനെയാണ് (26) തടവിലാക്കിയത്. 2017 മുതൽ ഓച്ചിറ, കുനാഗപ്പള്ളി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം, വ്യക്തികൾക്ക് നേരെ കൈയേറ്റം, അതിക്രമം, ആയുധം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ, കാപ്പ നിയമലംഘനം എന്നിവയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലാ പൊലീസ് ചീഫ് വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.