
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രം പൂർത്തിയാക്കി വിജയ് നാളെ ചെന്നൈയിലേക്ക് മടങ്ങും. നാളെ രാത്രി തിരുവനന്തപുരം എയർപോർട്ടിലാണ് ഗോട്ടിന്റെ ചിത്രീകരണം. ചിത്രീകരണം പൂർത്തിയാക്കി ഇവിടെനിന്ന് വിജയ് മടങ്ങും. ചിത്രീകരണം വൈകിയാൽ തിങ്കളാഴ്ച രാവിലെയാകും മടങ്ങുക. 15 ദിവസത്തെ ക്ളൈമാക്സ് ചിത്രീകരണമാണ് തിരുവനന്തപുരത്ത്പ്ളാ ൻ ചെയ്തിരുന്നതെങ്കിലും ഏഴു ദിവസം കൊണ്ട് പൂർത്തിയായി.
കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്രേഡിയത്തിൽ ഇന്നലെ രാത്രി ചിത്രീകരണം കാണാൻ തലസ്ഥാനത്തെ വിജയ് ആരാധകർക്ക് അവസരം ഒരുക്കിയിരുന്നു. ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്രേഡിയമായിരുന്നു ഗോട്ടിന്റെ പ്രധാന ലൊക്കേഷൻ.ഒരു ദിവസം മാത്രമായിരുന്നു പകൽ ചിത്രീകരണം. പ്രഭുദേവ,പ്രശാന്ത്, അജ്മൽ, ജയറാം, സ്നേഹ, ലൈല, വി.ടി. വി.ഗണേഷ്, യോഗി ബാബു, പാർവതി നായർ തുടങ്ങി നീണ്ട താര നിരയുണ്ട്. തെലുങ്ക് താരം മീനാക്ഷി ചൗധരി ആണ് നായിക. ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലും മീനാക്ഷി ചൗധരി ആണ് നായിക. യുവൻ ശങ്കർ രാജയാണ് ഗോട്ടിന് സംഗീത സംവിധാനം ഒരുക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം വിജയ് ആലപിക്കുന്നുണ്ട്. ഗോട്ടിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും വിജയ് ആലപിക്കുന്ന ഗാനം .അതിഥി വേഷത്തിൽ തൃഷ എത്തുന്നുണ്ട്. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.