
അഹമ്മദാബാദ്: ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന പേസർ മുഹമ്മദ് ഷമിക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിൽ ഉൾപ്പെടുത്തി ഐ.പി.എൽ ടീമായ ഗുജറാത്ത് ടൈറ്റൻസ്. 50 ലക്ഷം രൂപയായിരുക്കും സന്ദീപിന്റെ പ്രതിഫലം. നിലവിൽ തമിഴ്നാടിനായാണ് തൃശൂർ സ്വദേശിയായ സന്ദീപ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിന്റ താരമായിരുന്നു. കഴിഞ്ഞ ലേലത്തിൽ അൺസോൾഡായിരുന്നു. നേരത്തേ ആർ.സി.ബിയ്ക്കായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും കളിച്ചിട്ടുള്ശ താരമാണ് സന്ദീപ്. പരിക്കേറ്റയുവ വിക്കറ്റ് കീപ്പർ റോബിൻ മിൻസിന് പകരം കർണാടക താരം ബി.ആർ ശരത്തിനേയും ടീമിൽ ഉൾപ്പെടുത്തി. ജാർഖണ്ഡ് താരമായ റോബിന് ബൈക്കപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. 3.60 കോടി രൂപയ്ക്കാണ് റോബിനെ ഗുജറാത്ത് ടീമിലെടുത്തത്. ഇപ്പോൾ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ശരത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.