
ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ കുറഞ്ഞ് 83.42ൽ എത്തി
കൊച്ചി: ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും കയറ്റുമതിക്കാർ വർഷാവസാനത്തോടെ ഡോളർ വാങ്ങി കൂട്ടിയതും ഇന്ത്യൻ രൂപയുടെ മൂല്യം റെക്കാഡ് താഴ്ച്ചയിലെത്തിച്ചു. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സാമ്പത്തിക വളർച്ച സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ രണ്ട് ദിവസമായി കരുത്താർജിക്കുകയാണ്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 0.3 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വാരത്തിൽ രൂപയുടെ മൂല്യത്തിൽ 0.7 ശതമാനം ഇടിവാണുണ്ടായത്. ഏഴ് മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. ചൈനീസ് സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ മൂലമാണ് യുവാൻ രണ്ട് ദിവസമായി കനത്ത സമ്മർദ്ദം നേരിടുന്നത്. ഇതോടെ ഏഷ്യയിലെ മറ്റ് നാണയങ്ങളിലും വില്പന ശക്തമായി. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം ക്രൂഡോയിൽ വില ഉയരുമെന്ന ആശങ്കയും രൂപയ്ക്ക് വിനയായി. വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയ്ക്ക് പിന്തുണയായി റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി ഡോളർ വിറ്റഴിച്ചുവെങ്കിലും സമ്മർദ്ദം പൂർണമായും മറികടക്കാനായില്ല.
വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ
കൊച്ചി: രൂപയുടെ സ്ഥിരത ഉറപ്പുവരുത്താനായി റിസർവ് ബാങ്ക് വിപണി ഇടപെടൽ നടത്തിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. മാർച്ച് 15ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 640 കോടി ഡോളർ വർദ്ധിച്ച് 64,249 കോടി ഡോളറിലെത്തി റെക്കാഡിട്ടു. തുടർച്ചയായ നാലാം വാരമാണ് വിദേശ നാണയ ശേഖരം കൂടുന്നത്. ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കും സ്വർണ വിലയിലെ കുതിപ്പും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യമുയർത്തി. നടപ്പു വർഷം ഇതുവരെ 185 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിലെത്തിയത്. പതിനൊന്ന് മാസത്തെ ഇറക്കുമതി ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ഡോളർ ശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്.
സ്വർണ വിലയിൽ ഇടിവ്
കൊച്ചി: ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ സംസ്ഥാനത്ത് സ്വർണ വില ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയിലെത്തി. ഗ്രാമിന്റെ വില 45 രൂപ ഇടിഞ്ഞ് 6,135 രൂപയായി. ഫെഡറൽ റിസർവ് ഈ വർഷം പലിശ കുറച്ചാലും അമേരിക്കൻ സാമ്പത്തിക മേഖല മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ബോണ്ടുകളും ഡോളറും വാങ്ങുന്നതിനായി സ്വർണത്തിലെ പണം പിൻവലിച്ചതാണ് വില താഴാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 2,166 ഡോളറിലേക്ക് താഴ്ന്നു.
മൾട്ടികമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം പത്ത് ഗ്രാമിന്റെ വില 875 രൂപ ഇടിഞ്ഞ് 66,575ൽ അവസാനിച്ചു. അതേസമയം അടുത്ത വാരം വീണ്ടും സ്വർണ വില മുകളിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ പറയുന്നു.