
സൗന്ദര്യത്തിന്റെ ഇരിപ്പിടം എവിടെയാണെന്നത് കലാചിന്തയിൽ പണ്ടേയുള്ള ചോദ്യമാണ്. ഇക്കാര്യത്തിൽ തർക്കങ്ങളുമുണ്ട്, വേണ്ടത്ര. കറുത്ത ശരീരവർണമുള്ളവർ മോഹിനിയാട്ടം ആടുന്നതിനെ ആക്ഷേപിച്ചും, അവരെ പുലഭ്യം പറഞ്ഞും നർത്തകി കലാമണ്ഡലം സത്യഭാമ യുട്യൂബ് ചാനലിൽ തട്ടിവിട്ട തോന്ന്യാസപ്പറച്ചിലിന്റെ തിരിയിൽപ്പിടിച്ച വിവാദത്തീ ഉടനെ അണയുമെന്നു തോന്നുന്നില്ല. 'കാക്കയുടെ നിറമുള്ള ചിലർ", 'കണ്ടാൽ പെറ്റ തള്ള സഹിക്കില്ല" എന്നു തുടങ്ങി സംസ്കാരം തൊട്ടുതീണ്ടാത്ത ഭാഷയിലും, സത്യഭാമ മനസിൽ ഉദ്ദേശിച്ചയാളെ ജാതീയമായി അധിക്ഷേപിക്കുന്ന വിധത്തിലുമാണ് ആ ധിക്കാര വചനങ്ങൾ. സത്യഭാമയുടെ സംഭാഷണത്തിൽ ആൽ.എൽ.വി രാമകൃഷ്ണൻ എന്ന അനുഗൃഹീത നർത്തകന്റെ പേരു പറയുന്നില്ലെങ്കിലും, 'മോഹിനിയാട്ടമാടുന്ന ആ കറുത്ത ചാലക്കുടിക്കാരൻ" താനാണെന്നു തിരിച്ചറിഞ്ഞാണ് രാമകൃഷ്ണൻ നിയമനടപടിക്ക് ഒരുങ്ങുന്നത്. സാംസ്കാരിക രംഗത്തും രാഷ്ട്രീയരംഗത്തും ചൂടേറിയ ചർച്ചയായിക്കഴിഞ്ഞ വിഷയം തിരഞ്ഞെടുപ്പു പ്രചാരണത്തിലും കത്തിനിൽക്കും.
ആണായാലും പെണ്ണായാലും മോഹിനിയാട്ടം കളിക്കണമെങ്കിൽ അതുപോലെ ശരീര സൗന്ദര്യമുണ്ടാകണമെന്നാണ് സത്യഭാമയുടെ പക്ഷം. സൗന്ദര്യമെന്നത് രൂപപരമോ വർണപരമോ ആയ, പരിമിതമായ കാഴ്ചയുടെ ഇത്തിരിവട്ടത്തിലെ മിഥ്യ മാത്രമാണ്. അത്തരം സൗന്ദര്യാനുഭവം എപ്പോൾ വേണമെങ്കിലും നഷ്ടമാകാം. കലാസൃഷ്ടികളുടെയോ നൃത്തരൂപങ്ങളുടെയോ യഥാർത്ഥ സൗന്ദര്യം അനുവാചകന് ആത്മാനുഭവമാകേണ്ടത് അത് അനുഭൂതിയുടെ സൂക്ഷ്മതലങ്ങളെ സ്പർശിക്കുമ്പോഴാണ്. അതല്ലായിരുന്നെങ്കിൽ, നമ്മുടെ പുരാതന ക്ഷേത്രങ്ങളിലെ ശില്പകലയിൽ നിറയുന്നത് വെറും അശ്ലീലമാണെന്നു വ്യാഖ്യാനിച്ച് എന്നേ നിരോധിക്കേണ്ടതായിരുന്നു! കാഴ്ചയുടെ അതിരുകൾ ഭേദിച്ച് ആഴങ്ങളിലേക്കു ചെല്ലുകയും, ആ അനുഭവം അനൂഭൂതി തലത്തിൽ ലാവണ്യമായി പരക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സൗന്ദര്യലഹരി! അതിൽ ആണെവിടെ, പെണ്ണെവിടെ, വെളുപ്പെവിടെ, കറുപ്പെവിടെ?
കലയുടെ ഈ ലാവണ്യരഹസ്യമൊന്നും പിടിയില്ലാതെയാണ് സത്യഭാമ മോഹിനിയാട്ടത്തിന്റെ സൗന്ദര്യമെന്നത്, ആ വേഷമിടുന്നയാളുടെ തൊലിവെളുപ്പാണെന്ന വങ്കത്തരം വിളമ്പുന്നത്. വിവാദമായ സംഭാഷണം നിയമക്കുരുക്കിലേക്ക് നീങ്ങുമ്പോഴും, താൻ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമാണ് സത്യഭാമയുടെ അഹങ്കാര പ്രതികരണം എന്നതാണ് ഏറ്റവും ലജ്ജാകരം. അബദ്ധം പിണഞ്ഞതിന് കലാകേരളത്തോട് മാപ്പപേക്ഷിക്കുന്നതിനു പകരം പഴയ മാടമ്പിത്തരം പുലമ്പുന്ന സത്യഭാമ, ദീർഘകാല കലാപഠനത്തിലൂടെയും അനുഭവത്തിലൂടെയും എന്തു സംസ്കാരമാണ് താൻ നേടിയതെന്ന് സ്വയം ചോദിക്കുകയാണ് വേണ്ടത്. അഭിപ്രായം പറയാൻ തനിക്ക് ആരുടെയും സർട്ടിഫിക്കറ്രിന്റെ ആവശ്യമില്ലെന്ന് പറയുന്നവർ, അത് മറ്റൊരു കലാകാരനെ അധിക്ഷേപിച്ചിട്ടോ, പൊതുസമൂഹത്തെ പുച്ഛിച്ചിട്ടോ ആകരുതെന്ന് മനസിലാക്കണം. വിദ്യാഭ്യസനവും കലാപഠനവും മറ്റും വരേണ്യവർഗത്തിനു മാത്രം കല്പിക്കപ്പെട്ടിരുന്ന പഴയ കാലത്താകാം ഇപ്പോഴും സത്യഭാമയുടെ വിചാരലോകം. ആ കാലവും ആ ലോകവും മാറി. ഇപ്പോഴും ആ വിചാരലോകത്ത് അഭിരമിക്കുന്നവർ അതു തിരുത്തണം.
സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അവർക്കെതിരെ പട്ടികജാതി- പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ചില രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് താൻ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് ആർ.എൽ.വി രാമകൃഷ്ണനും പറഞ്ഞിട്ടുണ്ട്. അന്തരിച്ച കലാഭവൻ മണിയെന്ന നടൻ, ഇപ്പോൾ കൂടുതൽ ഓർമ്മിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും അദ്ദേഹം പാടിയ നാടൻപാട്ടുകളുടെ പേരിലാണ്. ആ വരികളുടെ വ്യാകരണഘടനയിലും ആലാപനത്തിന്റെ ശാസ്ത്രീയതയിലും തരക്കേടുകളുണ്ടെന്ന് ആരെങ്കിലും കണ്ടുപിടിച്ച് കൊണ്ടുവരുമോ? ആ പാട്ടുകളുടെ സൗന്ദര്യം ഒളിച്ചിരിക്കുന്നത് ജീവിതത്തോടുള്ള അതിന്റെ ആത്മാർത്ഥതയിലാണ് എന്നതുകൊണ്ടാണ് അത്. അദ്ദേഹത്തിന്റെ സഹോദരനാണ് ആർ.എൽ.വി രാമകൃഷ്ണൻ എന്ന കലാകാരൻ. കലയുടെ ലാവണ്യരഹസ്യം അറിയാവുന്നർ മാത്രമല്ല, കാലത്തിന്റെ മാറ്റം മനസിലാക്കുന്ന മുഴുവൻ പേരും അദ്ദേഹത്തിനൊപ്പമുണ്ടാകും.