mother

ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കളെ ധീരമായി ചെറുത്ത് തോൽപ്പിച്ച അമ്മയെയും മകളെയും ആദരിച്ച് പൊലീസ്.

42 കാരിയായ അമിതാ മെഹോത്തിനെയും മകളെയും ഹൈദരാബാദ് നോർത്ത് സോൺ ഡി.സി.പി രോഹിണി പ്രിയദർശിനി പൊന്നാടയണിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പ്രതികളായ സുശീലും പ്രേംചന്ദ്രയും കൊറിയർ ഡെലിവറി ഏജന്റുമാരെന്ന വ്യാജേനയാണ് വീട്ടിലെത്തിയത്. ജോലിക്കാരിയാണ് വാതിൽ തുറന്നത്. പാഴ്സൽ ഡെലിവറിയ്‌ക്കെത്തിയതാണെന്ന് പ്രതികൾ പറഞ്ഞു. കാത്തുനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സുശീൽ തോക്ക് എടുക്കുകയും പ്രേംചന്ദ് കത്തിയെടുത്ത് ജോലിക്കാരിയുടെ കഴുത്തിൽ വയ്ക്കുകയും ചെയ്തു.

മുഖം മറച്ച് മുഖംമൂടിയും ഹെൽമറ്റും ധരിച്ച പ്രതികൾ ബലമായി വീട്ടിലേക്ക് കയറി. തുടർന്ന്

വിലപിടിപ്പുള്ളതെല്ലാം എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ

അമിതയും മകളും സുശീലിനെ ഉന്തിയിടുകയും കാലിൽ ചവിട്ടി ആയുധം പിടിച്ചു വാങ്ങുകയും ചെയ്തു.

തുടർന്ന് ഇരുവരും പ്രതികളെ അടിച്ചു. പ്രതികൾ ഓടി രക്ഷപ്പെടാൻ തുടങ്ങിയപ്പോൾ ഇരുവരും നിലവിളിക്കുകയും അയൽവാസികൾ പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പ്രതികളിൽ നിന്ന് കത്തി, കയർ, തോക്കുകൾ എന്നിവ പിടിച്ചെടുത്തു. അമിതയുടെയും മകളുടെയും ധീരതയെ അധികൃതർ പ്രശംസിച്ചു. അമിതയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർ രോഹിണി പ്രിയദർശിനിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തിയാണ് അമിതയേയും മകളേയും ആദരിച്ചത്. അമിതയുടെ ഭർത്താവ് നവ്രത്തനും ഒപ്പമുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.