
തിംഫു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ' ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ " നൽകി ആദരിച്ച് ഭൂട്ടാൻ. ബഹുമതി സ്വന്തമാക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി. ഇന്ത്യ - ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കും ഭൂട്ടാൻ ജനതയുടെ ക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഇന്നലെ തിംഫുവിലെ റ്റെൻഡ്രൽതാംഗിൽ നടന്ന പരിപാടിയിൽ ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യാൽ വാങ്ങ്ചുക്ക് ബഹുമതി മോദിക്ക് കൈമാറി.
ഭൂട്ടാൻ സർക്കാരിനോട് നന്ദി രേഖപ്പെടുത്തിയ മോദി, തനിക്ക് ലഭിച്ച അംഗീകാരം 140 കോടി ഇന്ത്യൻ ജനതയ്ക്കുള്ളതാണെന്ന് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഭൂട്ടാനിലെത്തിയ മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. പ്രധാനമന്ത്രിയായിരിക്കെ ഇത് മൂന്നാം തവണയാണ് മോദി ഭൂട്ടാനിലെത്തുന്നത്.
ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ
ബഹുമതി സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തിയാണ് മോദി
ഭൂട്ടാനിലെ തന്നെ രണ്ട് പുരോഹിതർക്കും ഒരു രാജകുടുംബാംഗത്തിനുമാണ് മുമ്പ് ലഭിച്ചിട്ടുള്ളത്
ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യാൽ വാങ്ങ്ചുക്ക് ആണ് ബഹുമതിക്ക് മോദിയുടെ പേര് നിർദ്ദേശിച്ചത്
മോദിക്ക് ബഹുമതി പ്രഖ്യാപിച്ചത് 2021 ഡിസംബർ 17ന് ഭൂട്ടാന്റെ 114ാം ദേശീയ ദിനാഘോഷത്തിനിടെ
യു.എസ് സായുധ സേനയുടെ ലീജൺ ഒഫ് മെറിറ്റ്, റഷ്യയുടെ ദ ഓർഡർ ഒഫ് സെന്റ് ആൻഡ്രൂ, ഗ്രീസിന്റെ ദ ഗ്രാൻഡ് ക്രോസ് ഒഫ് ദ ഓർഡർ ഒഫ് ഓണർ, ഫ്രാൻസിന്റെ ഗ്രാൻഡ് ക്രോസ് ഒഫ് ദി ലീജൺ ൺ ഒഫ് ഓണർ, ഫിജിയുടെ കംപാനിയൻ ഒഫ് ദ ഓർഡർ ഒഫ് ഫിജി, പാപ്പുവ ന്യൂഗിനിയുടെ ഗ്രാൻഡ് കംപാനിയൻ ഒഫ് ദ ഓർഡർ ഒഫ് ലൊഗൊഹു തുടങ്ങിയ അന്താരാഷ്ട്ര പരമോന്നത ബഹുമതികളും മോദിയെ തേടിയെത്തിയിട്ടുണ്ട്
7 ധാരണാപത്രങ്ങളിൽ ഒപ്പിട്ടു
കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യം, വ്യാപാരം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്ന് റ്റാഷിചോ സാംഗ് പാലസിൽ നടന്ന പരിപാടിയിൽ വച്ച് മോദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള പെട്രോളിയം - ഓയിൽ ഉത്പന്നങ്ങളുടെ വിതരണം, ഭക്ഷ്യ സുരക്ഷ, ഊർജം, കായികം, മരുന്ന്, ബഹിരാകാശ സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഏഴ് ധാരണാപത്രങ്ങളിൽ ഇന്ത്യയും ഭൂട്ടാനും ഒപ്പിട്ടു. കൂടാതെ, ഇന്ത്യയ്ക്കും ഭൂട്ടാനുമിടെയിൽ രണ്ട് റെയിൽ ലിങ്കുകൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു.അഞ്ച് വർഷത്തിനുള്ളിൽ ഭൂട്ടാന് ഇന്ത്യ 10,000 കോടി രൂപയുടെ പിന്തുണ നൽകുമെന്നും മോദി പറഞ്ഞു.
'വല്യേട്ടന് ഭൂട്ടാനിലേക്ക് സ്വാഗതം"
മോദിക്ക് ഗംഭീര വരവേൽപ്പാണ് ഇന്നലെ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ നേതൃത്വത്തിൽ ഭൂട്ടാൻ ഒരുക്കിയത്. പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിംഫു വരെയുള്ള 45 കിലോമീറ്റർ ദൂരം മോദിയെ അഭിവാദ്യം ചെയ്യാൻ ഭൂട്ടാനീസ് ജനത അണിനിരന്നു.
വിമാനത്താവളത്തിൽ ടോബ്ഗേയുടെ സാന്നിദ്ധ്യത്തിൽ മോദിക്ക് ഗാർഡ് ഒഫ് ഓണർ നൽകി. ' തന്റെ വല്യേട്ടന് ഭൂട്ടാനിലേക്ക് സ്വാഗതം ' എന്നാണ് ടോബ്ഗേ എക്സിൽ കുറിച്ചത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ആഴ്ച ടോബ്ഗേ ഇന്ത്യയിലെത്തിയിരുന്നു.
ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഭൂട്ടാനീസ് യുവാക്കൾ മോദി രചിച്ച ഒരു ഗാനത്തിന് ഗർബ നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൗതുകമായി. അതേ സമയം, മോദിക്കായി ഭൂട്ടാൻ രാജാവ് സ്വകാര്യ വിരുന്ന് ഒരുക്കുന്നുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഭൂട്ടാൻ രാജാവിന്റെ ലിങ്കാന പാലസിൽ വിരുന്നൊരുക്കുന്നത്. ഇന്ത്യയുടെ സഹായത്തോടെ തിംഫുവിൽ നിർമ്മിച്ച കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ആശുപത്രി മോദി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് മോദി ഭൂട്ടാനിലെത്തേണ്ടിയിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇന്നലത്തേക്ക് നിശ്ചയിക്കുകയായിരുന്നു.