crime

ഹൈദരാബാദ്: പട്ടാപ്പകല്‍ വീട്ടില്‍ ആയുധങ്ങളുമായി മോഷ്ടിക്കാനെത്തിയ രണ്ട് കള്ളന്‍മാരെ ഓടിച്ച് അമ്മയും മകളും. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് മണിക്ക് വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന വീട്ടിലെ ജോലിക്കാരിയോട് അഡ്രസില്‍ പാഴ്‌സല്‍ വിതരണം ചെയ്യാന്‍ എത്തിയതെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നു. എന്നാല്‍ പുറത്ത് കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ചൂണ്ടുകയും രണ്ടാമന്‍ കത്തി ജോലിക്കാരിയുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിന് ശേഷം വീടിനുള്ളിലേക്ക് പ്രവേശിച്ച ഇവര്‍ വീട്ടിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തങ്ങളെ ഏല്‍പ്പിക്കാന്‍ വീട്ടിലുണ്ടായിരുന്ന അമിത (42)യോടും മകളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആത്മധൈര്യം കൈവിടാതെ അമ്മയും മകളും സാഹചര്യത്തെ നേരിടുകയായിരുന്നു. തോക്കുമായി നിന്ന സുശീലിനേയോ കത്തിയുമായി നിന്ന പ്രേംചന്ദിനേയോ ഭയക്കാതെ ഇരുവരും ചേര്‍ന്ന് സുശീലിനെ ചവിട്ടി വീഴ്ത്തിയ ശേഷം സഹായത്തിനായി നിലവിളിച്ചു.

ഇതോടെ കള്ളന്‍മാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് കള്ളന്‍മാരോട് പോരാടി. പിന്നീട് കള്ളന്‍മാരെ ഇരുവരും ചേര്‍ന്ന് അടിക്കാനും ചവിട്ടാനും തുടങ്ങി. ഇത്രയുമായപ്പോള്‍ കള്ളന്‍മാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ അമ്മയും മകളും തയ്യാറായില്ല. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രേംചന്ദിനെ അയല്‍വാസികള്‍ ചേര്‍ന്ന് പിടികൂടി. സുശീല്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെയും പിടികൂടി. സുശീലും പ്രേംചന്ദും മുമ്പ് അമിതയുടെ വീട്ടിലെ ജോലിക്കാരായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിതയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.