bjp-and-bjd

ന്യൂഡൽഹി: ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളുമായി (ബി.ജെ.ഡി)​ സഖ്യത്തിനില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ലോക്‌സഭയിലും നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മൻമോഹൻ സമലാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. സഖ്യത്തെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.


ഭുവനേശ്വറിലും ഡൽഹിയിലുമായി നടന്ന ബി.ജെ.ഡി-ബി.ജെ.പി നേതാക്കളുടെ മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് സഖ്യം വേണ്ടെന്ന തീരുമാനം. 21 ലോക്‌സഭാ മണ്ഡലങ്ങളിലും 147 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമൽ പറഞ്ഞു. നിയമസഭാ സീറ്റുകൾ പങ്കിടുന്നതിലെ തർക്കമാണ് സഖ്യം വേണ്ടെന്ന തീരുമാനത്തിൽ കലാശിച്ചത്. 147 അസംബ്ലി സീറ്റുകളിൽ 57 സീറ്റാണ് ബി.ജെ.ഡിക്ക് നീക്കി വച്ചത്. എന്നാൽ 100-ൽ താഴെ സീറ്റുകളിൽ മത്സരിക്കാൻ തയ്യാറല്ലെന്ന് ബി.ജെ.ഡി വ്യക്തമാക്കി. ചില വിമത ബി.ജെ.ഡി നേതാക്കളെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കവും തർക്കത്തിനിടയാക്കി. 15 വർഷത്തിന് ശേഷം ബി.ജെ.ഡിയെ എൻ.ഡി.എയിൽ തിരിച്ചു കൊണ്ടുവരാനുള്ള നീക്കവും ഇതോടെ പരാജയപ്പെട്ടു.

അതേസമയം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ നിർണായക ഘട്ടങ്ങളിൽ പിന്തുണച്ചതിന് നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡിക്ക് സമൽ നന്ദി പറഞ്ഞു. ഒഡിയ ജനതയുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ജെ.ഡിയുമായി യോജിക്കുന്നില്ലെന്നും സംസ്ഥാനത്ത് മോദി തരംഗമുണ്ടെന്നും സമൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് മുന്നേറാൻ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിൽ ബി.ജെ.ഡിയും ആന്ധ്രയിൽ ടി.ഡി.പിയുമായി ബി.ജെ.പി നടത്തിയ ചർച്ചകൾ ശ്രദ്ധനേടിയിരുന്നു.