സംവിധായകൻ ബ്ളസി ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവർഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തനിക്ക് അത്രത്തോളം കഴിവും ഫോക്കസും കൺവിക്ഷനും ഉണ്ടെന്ന് തോന്നുന്നില്ല. താൻ അങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കൗമുദി മൂവീസിനോട് ആടുജീവിതം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം.
'ചെയ്യണമെന്ന് അത്രയും ആഗ്രഹമുള്ള ഒരു സിനിമ ഇത്രവലിയ യാത്രയാകുന്ന ഒരു സാഹചര്യം നേരിട്ടിട്ടില്ല. എന്റെ ഇപ്പോഴത്തെ എന്നെക്കുറിച്ചുള്ള അറിവുവച്ച് എനിക്കത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. എനിക്കതിനാൽ തന്നെ സംവിധായകൻ ബ്ളസിയോട് അളവില്ലാത്ത ആരാധനയുണ്ട്. വലിയൊരു സൂപ്പർഹ്യൂമൻ എഫോർട്ട് ആണത്'- പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാനെക്കുറിച്ചും താരം മനസുതുറന്നു. എമ്പുരാന്റെ ചിത്രീകരണം ഇരുപത് ശതമാനത്തോളം പൂർത്തിയായി. മാസ് സിനിമയായിരിക്കില്ല എമ്പുരാൻ. സത്യസന്ധമായി പറഞ്ഞാൽ വലിയൊരു വിജയമായി മാറിയ സിനിമയുടെ രണ്ടാം ഭാഗമാണിത്. ആൾക്കാരുടെ സങ്കൽപ്പത്തിലുള്ള രണ്ടാം ഭാഗമല്ല താൻ എടുക്കുന്നതെന്നുള്ള തോന്നൽ തനിക്കുണ്ട്. നന്നാകുമോ ഇല്ലയോയെന്ന് ജനം പറയട്ടേയെന്നും താരം മനസുതുറന്നു.