
കാക്ക കുളിച്ചാൽ കൊക്കാകുമോ?ഇല്ലെന്നത് മൂന്നരത്തരം. അപ്പോൾ കൊക്ക് കുളിച്ചാലോ?കാക്കയുമാകില്ലെന്ന് കട്ടായം പറയുന്ന മന്ത്രി കെ. രാധാകൃഷ്ണൻ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും സ്വന്തം വ്യക്തിത്വമുണ്ട്. നിറത്തിന്റെ പേരിൽ ആരെയും അപമാനിക്കാൻ ആർക്കും അവകാശമില്ല. 'തീറ്റകൾ കൊത്തി വലിക്കുകിലും ഏറ്റവും വൃത്തി വെടിപ്പെഴുന്നോൾ; കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും, കാക്കണം സ്വാതന്ത്ര്യം എന്നറിവോൾ' എന്നാണല്ലോ സ്കൂൾ പാഠപുസ്തകത്തിലെ കവിതയിലെ വിശേഷണം.
കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്. അപ്പോൾ, കാക്കയുടെ നിറമാണെന്നും, കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്നും അധിക്ഷേപിച്ചാലോ? കാക്ക മാനനഷ്ടക്കേസ് കൊടുക്കാനൊന്നും പോകില്ല. പക്ഷേ. തൊലി വെളുപ്പും ഉള്ളിൽ കറുപ്പുമായി ജീവിക്കുകയും അത്തരം അധിക്ഷേപത്തിൽ അഭിരമിക്കുകയും ചെയ്യുന്ന മനുഷ്യജീവികളെ ഓർത്ത് സഹതപിക്കുമെന്ന് തീർച്ച.
ഇത് കാക്ക പുരാണമല്ല. കാക്കയെയും ലജ്ജിപ്പിക്കുന്ന 'മോഹിനി'ആട്ട പുരാണം. കേരളത്തിന്റെ തനതായ നാട്യകലയാണ് മോഹിനിയാട്ടം. മഹാവിഷ്ണു പെൺവേഷം ധരിച്ച് മോഹിനിയായി നടത്തിയ നൃത്തമെന്ന് പുരാണം. അപ്പോൾ പുരുഷന്മാർക്കും കളിക്കാമെന്ന് സാരം. അതിലെ ലാസ്യഭംഗി നർത്തകന്റെയോ നർത്തകിയുടെയോ അംഗ ചലനങ്ങളിലും ഭാവചേഷ്ടകളിലുമാണ്. അല്ലാതെ നിറത്തിലോ രൂപത്തിലോ അല്ല. അങ്ങനത്തെ വൃത്തികെട്ട മനസുള്ളവർ ഇപ്പോഴും നവോത്ഥാന കേരളത്തിലുണ്ടെന്ന് പറയുമ്പോൾ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ?
മഹാകവി വള്ളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലത്തിൽ കഥകളിക്കു പുറമെ മോഹിനിയാട്ടവും പഠന വിഷയമാക്കാൻ മുൻകൈയെടുത്തതും വള്ളത്തോൾ തന്നെ. മലയാളിയുടെ അഭിമാനമായ ഈ കലാരൂപം കറുത്ത പുരുഷന്മാർ ആടാൻ പാടില്ലെന്ന് അതുകൊണ്ട് 'ഉപജീവനം' നടത്തുന്നവർ തന്നെ പറഞ്ഞാലോ?അത്തരത്തിൽ അപമാനിതനായ, പ്രശസ്ത നടൻ അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനും അനുഗൃഹീത നൃത്ത കലാകാരനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണന് പ്രബുദ്ധ കേരളം ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചത് ശുഭോദർക്കം. നിറത്തിന്റെ പേരിൽ കലാകാരനെ അപമാനിച്ച സത്യഭാമ എന്ന മുതിർന്ന
നർത്തകിക്ക് മഹത്തായ കലാമണ്ഡലത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കാൻ അവകാശമില്ലെന്നാണ് കലാമണ്ഡലം വൈസ് ചാൻസലറും രജിസ്ട്രാറും പറയുന്നത്; കലാമണ്ഡലത്തിലെ പൂർവ വിദ്യാർത്ഥി മാത്രമായ അവർക്ക് നിലവിൽ ഈ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നും.
ഒറിജിനൽ കലാമണ്ഡലം സത്യഭാമയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുതേ എന്നാണ് പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ അപേക്ഷ. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ സഹധർമ്മിണിയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായിരുന്ന ആ പ്രശസ്ത മഹതി വിടപറഞ്ഞു പോയിട്ട് വർഷങ്ങളായെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ഇത് ഡ്യൂപ്ളിക്കേറ്റ്!
ഹിന്ദു ദൈവങ്ങളായ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും നിറം കറുപ്പല്ലേ?കറുപ്പിനെ വെറുക്കുന്നവർ അവരെയും വെറുക്കുമോ? യുവതലമുറകളുടെ ഹരമായിരുന്ന മൈക്കിൾ ജാക്സണ് ലോകത്ത് കോടിക്കണക്കിന് ആരാധകരില്ലേ?പണത്തിനു വേണ്ടി കറുത്ത കുട്ടികളെയും പഠിപ്പിക്കുന്ന ആ അദ്ധ്യാപിക, ആ കുട്ടികളോട് മത്സരങ്ങളിൽ പങ്കെടുക്കരുതെന്നും ക്ഷേത്രങ്ങളിലോ മറ്റോ നൃത്തം അവതരിപ്പിച്ചാൽ മതിയെന്നും പറയുന്നത് വർണ വിവേചനമല്ലേ എന്നാണ് ചോദ്യം.
'താഴ്മതാനഭ്യുന്നതി' എന്നാണ് ചൊല്ല്. വിജ്ഞാനവും സംസ്കാരവും ഏറുന്തോറും അഹങ്കരിക്കുകയല്ല, കൂടുതൽ വിനയാന്വിതരാവുകയാണ് നല്ല ഗുരുക്കന്മാരുടെ ലക്ഷണം. മോഹിനിയാട്ടത്തിലെ ഒരു നൃത്തരൂപമാണ് 'പൂതനാമോക്ഷം.' വിവാദ പരാർമശത്തെപ്പറ്റി തിരക്കാൻ വീട്ടിലെത്തിയ തങ്ങൾക്കു മുന്നിൽ അവർ 'പൂതന വേഷം' ആടിയെന്നാണ് പത്രക്കാരുടെ ഭാഷ്യം. ഈശ്വരന്റെ വരദാനമാണ് കല. 66 വയസായ തന്നെ ഇത്രയും കാലം മാദ്ധ്യമങ്ങൾ തിരക്കി വരാത്തത് എന്താണെന്നാണ് അവരുടെ ചോദ്യം. അവർക്ക് ഈശ്വരന്റെ വരദാനം ലഭിച്ചിട്ടില്ലെന്നതു തന്നെ ഉത്തരം. കറുപ്പിനോട് ഇത്ര അലർജിയുള്ള ആ നർത്തകിക്ക് തലമുടി കറുപ്പിക്കുന്നതിനു പകരം വെളുത്ത ചായം തേച്ചു കൂടേയെന്ന് സമൂഹ മാദ്ധ്യമങ്ങളിലെ ട്രോളന്മാർ!
'നയാ പൈസയില്ലാ, കൈയിലൊരു നയാ പൈസയില്ലാ....' പഴയ ഒരു മലയാള സിനിമാപ്പാട്ടിന്റെ ആദ്യ വരി പാടുന്നത്
കോൺഗ്രസിന്റെ സമുന്നത നേതാക്കൾ. 'നഞ്ചു വാങ്ങി തിന്നാൻ പോലും...' എന്നു തുടങ്ങുന്ന അടുത്ത വരി അവർ പാടിയില്ലെന്നും വയറ്റത്തടിച്ചില്ലെന്നുമേയുള്ളൂ. അറുപതു കൊല്ലം രാജ്യം ഭരിച്ച പാർട്ടിയെ മോദി സർക്കാർ കത്രികപ്പൂട്ടിട്ട് പൂട്ടി പാപ്പരാക്കിക്കളഞ്ഞില്ലേ? ചായക്കാശിനു പോലും വകയില്ലാതാക്കി. പിന്നെങ്ങനെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ പാർട്ടി നേരിടും? കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ അക്കൗണ്ടുകളിൽ നിന്ന് 65 കോടി പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് , 210 കോടി കൂടി ഉടനെ അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
2018- 19 കാലയളവിൽ നികുതി റിട്ടേൺ നൽകുന്നതിൽ 45 ദിവസത്തെ കാലതാമസം വരുത്തുകയും, അനുവദനീയമായതിൽ കൂടുതൽ തുക പണമായി സ്വീകരിക്കുകയും ചെയ്തതിനാണ് കടുത്ത ശിക്ഷ. 14.40 ലക്ഷം രൂപ പണമായി സ്വീകരിച്ചത് മറ്റാരിലും നിന്നല്ല; സ്വന്തം എം.പിമാരിലും എം.എൽ.എമാരിലും നിന്ന്. അതിനും പിഴ! 2000 രൂപയിൽ കൂടുതൽ പണമായി വാങ്ങാൻ പാടില്ലത്രെ. പാർട്ടിയുടെ 11 അക്കൗണ്ടുകളിൽ 115 കോടി രൂപ നിലനിറുത്തിയ ശേഷം ബാക്കി തുക ഉപയോഗിക്കാനാണ് ഉപദേശം. എന്തൊരു സൗജന്യം! കൈയിലുണ്ടായിട്ടു വേണ്ടേ നിലനിറുത്താൻ.
1993-94ൽ സീതാറാം കേസരി പാർട്ടി ട്രഷററായിരുന്നപ്പോൾ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇതിനു പുറമെ മറ്റൊരു നോട്ടീസും. 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതു മുതലുള്ള നികുതി കുടിശിക ആവശ്യപ്പെടാഞ്ഞത് ഭാഗ്യം! 'മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ' എന്നു പറഞ്ഞ് ബി.ജെ.പിക്കാർ ചിരിക്കുന്നു. 'കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ' എന്നു ശപിച്ച് കോൺഗ്രസുകാരും!
നുറുങ്ങ്:
ഇടതുപക്ഷ പ്രവർത്തകർ ആത്മാർത്ഥമായി പരിശ്രമിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി
ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ.
# പഴയ എസ്.എഫ്.ഐ നേതാവല്ലേ. അവരെക്കൂടി ഒന്ന് പറഞ്ഞു പഠിപ്പിക്ക്.
(വിദുരരുടെ ഫോൺ-99461 08221)