
ലണ്ടൻ: ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന തെക്കൻ പസഫിക് സമുദ്രത്തിലെ ' പോയിന്റ് നെമോ'യിൽ ആദ്യമായെത്തുന്നയാൾ എന്ന റെക്കാഡ് സ്വന്തമാക്കി ബ്രിട്ടീഷ് പര്യവേക്ഷകനായ ക്രിസ് ബ്രൗൺ ( 61 ). നോർത്ത് യോർക്ക്ഷെയർ സ്വദേശിയാണ് ടെക് സംരംഭകൻ കൂടിയായ ബ്രൗൺ. ബുധനാഴ്ചയാണ് അദ്ദേഹം പോയിന്റ് നെമോയിൽ എത്തിയത്. ഭൂമിയിൽ മനുഷ്യന് എത്തിച്ചേരാൻ പ്രയാസമായ എട്ട് പ്രദേശങ്ങൾ സന്ദർശിക്കുക എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമാണിതെന്ന് ബ്രൗൺ പറയുന്നു.
2019ലാണ് ബ്രൗൺ സാഹസിക യാത്രകൾ ആരംഭിച്ചത്. അഞ്ച് വിദൂര പ്രദേശങ്ങൾ കീഴടക്കി. അഞ്ച് ഭൂഖണ്ഡങ്ങളിലെ വിദൂരമായ മേഖലകളെയാണ് ഓരോന്നും പ്രതിനിധീകരിക്കുന്നത്.
പോയിന്റ് നെമോ
ഇങ്ങനെയൊരു പ്രദേശം കണ്ടെത്തിയത് 1992ൽ
കനേഡിയൻ - റഷ്യൻ എൻജിനിയറായ റോജെ ലുകാറ്റേല കമ്പ്യൂട്ടർ അധിഷ്ഠിത പഠനങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്
പസഫിക് സമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നു
പോയിന്റ് നെമോയുടെ വടക്ക് ഡൂസി ഐലൻഡ്, വടക്കു കിഴക്കായി ഈസ്റ്റർ ഐലൻഡ്, തെക്കായി മഹെർ ഐലൻഡ്. ഓരോന്നിൽ നിന്നും പോയിന്റ് നെമോയിലേക്ക് ഏകദേശം 2,688 കിലോമീറ്റർ അകലം
പോയിന്റ് നെമോയിൽ നിന്ന് ഈ ദ്വീപുകൾ കണ്ടെത്താൻ പ്രയാസം
പോയിന്റ് നെമോയ്ക്ക് ഏറ്റവും അടുത്തുള്ള മനുഷ്യർ കരയിലല്ല. പകരം, ബഹിരാകാശത്താണ്. ! ഭൗമോപരിതലത്തിൽ നിന്ന് 408 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലെ സഞ്ചാരികളാണത്. നിലയം പോയിന്റ് നെമോയ്ക്ക് മുകളിലൂടെ പോകുമ്പോഴാണിത് സംഭവിക്കുന്നത്
പ്രക്ഷുബ്ധമായ കടലും മോശം കാലാവസ്ഥയും ഇവിടേക്കെത്തുന്നതിന് വെല്ലുവിളി
വിദൂര മേഖലയായതിനാൽ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ പേടകങ്ങളുമൊക്കെ ഇവിടെ വീഴ്ത്തിയിട്ടുണ്ട്
ഷൂൾസ് വേണിന്റെ 'ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ' എന്ന നോവലിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രത്തിൽ നിന്നാണ് പോയിന്റ് നെമോയ്ക്ക് ഈ പേര് ലഭിച്ചത്