munnar

ഇടുക്കി: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി അനുഭവിക്കുന്ന ഇടുക്കി മൂന്നാറിലെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാകുന്നു. കാ്ട്ടാന, കാട്ടുപന്നി, കടുവ, പുലി തുടങ്ങിയവയുടെ ഭീഷണിക്ക് പുറമേ ഇപ്പോഴിതാ കരിമ്പുലിയുടെ സാന്നിദ്ധ്യവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് മൂന്നാറില്‍.

മൂന്നാറിലെ സെവന്‍മല എസ്റ്റേറ്റിന് സമീപമാണ് കരിമ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച രാവിലെ കരിമ്പുലിയെ കണ്ടത്.

പുലിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരിമ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

നേരത്തെ മറയൂര്‍ പ്രദേശത്ത് കരിമ്പുലിയുടെ സാന്നധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ പുലി തന്നെയാണോ സെവന്‍മല എസ്റ്റേറ്റ് പരിസരത്ത് എത്തിയതെന്ന കാര്യം വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.