pic

ന്യൂയോർക്ക്: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഗാസയിൽ താത്കാലിക വെടിനിറുത്തൽ ആവശ്യപ്പെട്ട് യു.എസ് ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) സുരക്ഷാ സമിതിയിൽ സമർപ്പിച്ച കരട് പ്രമേയത്തിൻ മേൽ വീറ്റോ ചെയ്ത് റഷ്യയും ചൈനയും.

ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്താത്ത കപട പ്രമേയമാണ് യു.എസിന്റേതെന്ന് റഷ്യ പ്രതികരിച്ചു. 15 അംഗ സമിതിയിലെ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ അൾജീരിയയും എതിർത്ത് വോട്ട് ചെയ്തു. ഗയാന വിട്ടുനിന്നു.

ഗാസയിൽ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെട്ട് യു.എസ് സമർപ്പിച്ച ആദ്യ പ്രമേയമായിരുന്നു ഇത്. മുമ്പ് വിവിധ രാജ്യങ്ങൾ സമർപ്പിച്ച വെടിനിറുത്തൽ പ്രമേയങ്ങളെ യു.എസ് തടഞ്ഞിരുന്നു.

വെടിനിറുത്തലിന് പകരമായി ഹമാസ് ബന്ദികളാക്കിയവരുടെ മോചനവും ഗാസയിലേക്ക് തടസമില്ലാതെ മാനുഷിക സഹായ വിതരണവും യു.എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ പദ്ധതിയിടുന്ന കരയാക്രമണത്തെയും പ്രമേയത്തിൽ എതിർത്തിരുന്നു.

അതേ സമയം, യു.എസിന്റെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും റാഫയിൽ കരയാക്രമണം നടത്തിയിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇന്നലെ ഇസ്രയേലിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോടാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. റാഫയെ ആക്രമിക്കുന്നത് മരണസംഖ്യ കുത്തനെ ഉയർത്തുമെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. ഇതുവരെ, 31,900ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.