
ഐ.പി.എൽ 17-ാം സീസണിൽ ആദ്യ ജയം ചെന്നൈ സൂപ്പർ കിംഗ്സിന്
ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബിയെ 6 വിക്കറ്റിന് കീഴടക്കി
ചെന്നൈ: ഐ.പി.എൽ പതിനേഴാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് കീഴടക്കി തലമാറിയെത്തിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് വിജയക്കുതിപ്പ് തുടങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈ 8 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി.
ബാംഗ്ലൂർ ഉയർത്തിയ താരതമ്യേന ഭേദപ്പെട്ട വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയ്ക്ക് ക്യാപ്ടൻ റുതുരാജ് ഗെയ്ക്ക്വാദും (15), രചിൻ രവീന്ദ്രയും (37), ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ടീം സ്കോർ 38ൽ വച്ച് 4-ാം ഓവറിലെ അവസാന പന്തിൽ ഗെയ്ക്വാദിനെ കാമറൂൺ ഗ്രീനിന്റെ കൈയിൽ എത്തിച്ച് യഷ് ദയാൽ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ തുടർന്ന് രവീന്ദ്രയെപ്പോലെ അജിങ്ക്യ രഹാനെ (19 പന്തിൽ 27), ഡാരിൽ മിച്ചൽ (22), ഇംപാക്ട് പ്ലെയർ ശിവം ദുബെ (പുറത്താകാതെ 34), രവീന്ദ്ര ജഡേജ (പുറത്താകാതെ 25) തുടങ്ങി ബാറ്റിംഗിനെത്തിയ ചെന്നൈ താരങ്ങളെല്ലാം മിന്നിയതോടെ സ്വന്തം തട്ടകത്തിൽ ജയിച്ച് തുടങ്ങാൻ ചെന്നൈയ്ക്കായി. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ ദുബെയും ജഡേജയും 37 പന്തിൽ 66 റൺസ് നേടി.ഗ്രീൻ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ചെന്നൈയുടെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ തന്റെ ആദ്യ സ്പെല്ലിൽ നിറഞ്ഞാടിയപ്പോൾ ബാംഗ്ലൂർ ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയെങ്കിലും ആറാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച അനുജ് റാവത്തും (25 പന്തിൽ 48), ദിനേഷ് കാർത്തിക്കും (പുറത്താകാതെ 38) ചേർന്ന് ബാംഗ്ലൂരിനെ നൂറ്റമ്പതും കടത്തി ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 50 പന്തിൽ 95 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. അനുജ് 4 ഫോറും 3 സിക്സും കാർത്തിക് 3 ഫോറും 2 സിക്സുംനേടി. മുസ്തഫിസുർ 4 വിക്കറ്റ് നേടി.
ഫാഫ് ഡുപ്ലെസിസ് (35), വിരാട് കൊഹ്ലി (21), രജത് പട്ടീദാർ (0), കാമറൂൺ ഗ്രീൻ (18) എന്നിവരെയാണ് മുസ്തഫിസുർ പുറത്താക്കിയത്. മാക്സ്വെല്ലിനെ(0) ദീപക് ചഹറും മടക്കി.
പൂരം കൊടിയേറി!
ചെന്നൈ: താരപ്രഭയിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രിമിയർ ലീഗിന് ഗംഭീര തുടക്കം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷറോഫ്, ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ, ഗായകരായ സോനു നിഗം,മോഹിത് ചൗഹാൻ, നീതി , ശ്വേത മോഹൻ എന്നിവരെല്ലാം ഗാലറിയേയും കളിക്കാരേയും ആവേശത്തിൽ ആറാടിച്ചു.
ഇന്ത്യൻ പതാകയുമായി അക്ഷയ് കുമാർ സ്റ്റേഡിയത്തിലേക്ക് ലാൻഡ് ചെയ്തതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. തുടർന്ന് വന്ദേമാതരം പാടി സോനു നിഗവും മാ തുഛേ സലാം പാടി റഹ്മാനുമെത്തി. ഇന്ത്യാ ഗേറ്റിന്റെയും ചന്ദ്രയാൻ ദൗത്യത്തിന്റെയും അശോക ചക്രത്തിന്റെയുമെല്ലാം മാതൃകകളും ചെപ്പോക്കിലെ മൈതാനത്ത് ഉയർന്നു. അക്ഷയ് കുമാറും ടൈഗറും ബൈക്കിൽ ഗാലറിയെ വലം വച്ചതും മനോഹരമായി
കൊഹ്ലി @12,000
ചെന്നൈ: ട്വന്റി-20യിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കൊഹ്ലി. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഇന്നിംഗ്സിലൂടെയാണ് കൊഹ്ലി 12,000 ക്ലബിലെത്തിയത്. ആർ.സി.ബിക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കൊഹ്ലി 6 റൺസ് പൂർത്തിയാക്കിയപ്പോഴാണ് 12,000എന്ന മാജിക്കൽ സ്കോറിലെത്തിയത്. ക്രിസ് ഗെയ്ൽ, ഷൊയിബ് മാലിക്ക്, കീറോൺ പൊള്ളാഡ്, അലക്സ് ഹെയ്ൽസ്, ഡേവിഡ് വാർണർ എന്നിവരാണ് ട്വന്റി-20യിൽ 12,000 ക്ലബിലെത്തിയ മറ്റുള്ളവർ. ഇന്നലത്തെ ഇന്നിംഗ്സിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആകെ റൺനേട്ടം 1000 കടത്താനും കൊഹ്ലിക്കായി.
പന്താവേശം
മൊഹാലി: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3.30മുതൽ മുല്ലൻപൂരിലെ മഹാരാജാ യദവിന്ദ്ര സിംഗ് അന്താരാഷ്ട്രസ്റ്റേഡിയത്തിലാണ് മത്സരം. ഇവിടം വേദിയാകുന്ന ആദ്യ ഐ.പി.എൽ മത്സരമാണിത്.
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിഷഭ് പന്തിന്റെ പതിന്നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള കളിക്കളത്തിലേക്കുള്ള തിരിച്ചുവരവാകും ഈ മത്സരം.
മറുവശത്ത് പഞ്ചാബ് പുതിയ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുകയാണ്.
സാധ്യതാ ടീം
ഡൽഹി: ഡേവിഡ് വാർണർ, പ്രിഥ്വി ഷാ, മിച്ചൽ മാർഷ്, റിഷഭ് പന്ത്, മക്ഗുർക്ക്/ സ്റ്റബ്സ്,പോറൽ,ഭുയി/കുശാഗ്ര,അക്ഷർ,ലളിത്,കുൽദീപ്, ഇഷാന്ത്, ഖലീൽ.
പഞ്ചാബ്: ധവാൻ, ബെയർസ്റ്റോ,പ്രഭ്സിമ്രാൻ,ലിവിംഗ്സ്റ്റൺ,ജിതേഷ്,അശുതോഷ്/ഷഷാങ്ക്,സാം, രാഹുൽ ചഹർ, ഹർപ്രീത്,റബാഡ,ഹർഷൽ, അർഷദീപ്,ഖലീൽ
നൈറ്റ് റൈഡേഴ്സും
സൺറൈസേഴ്സും
കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴസും സൺറൈസേഴ്സ്ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. നൈറ്റ് റൈഡേഴ്സിന്റെ തട്ടകമായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിൽ പരിക്കിനെ ത്തുടർന്ന് കളിക്കാനാകാതിരുന്ന ക്യാപ്ടൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കരീടം തേടി പുതിയ സീസണിന് ഇറങ്ങുമ്പോൾ പുതിയ ക്യാപ്ടൻ പാറ്റ് കമ്മിൻസിനറെ നേതൃത്വത്തിലിറങ്ങുന്ന സൺറൈസേഴ്് ഹൈദരാബാദിന്റെ ലക്ഷ്യം രണ്ടാം കിരീടമാണ്.
സാധ്യതാ ടീം
കൊൽക്കത്ത: വെങ്കിടേഷ്, സാൾട്ട്,ശ്രേയസ്,നിതീഷ്, റിങ്കു,റസ്സൽ,രമൺദീപ്,നരെയ്ൻ,സ്റ്റാർക്ക്,ഹർഷിത്.വരുൺ,സുയാഷ്.
ഹൈദരാബാദ്: അഭിഷേക്/മായങ്ക്,ഹെഡ്,ത്രിപതി,മർക്രം,ക്ലാസ്സൻ,സമദ്,സുന്ദർ,കമ്മിൻസ്,ഭുവനേശ്വർ,മർക്കണ്ടേ,ഉമ്രാൻ,നടരാജൻ.
രാജൻ വരും. സാധ്യതാ ടീം: അഭിഷേക്/മായങ്ക്,ഹെഡ്,ത്രിപതി,മർക്രം,ക്ലാസ്സൻ,സമദ്,സുന്ദർ,കമ്മിൻസ്,ഭുവനേശ്വർ,മർക്കണ്ടേ,ഉമ്രാൻ,നടരാജൻ.
.