
പറവൂർ: മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ച സംഭവത്തിൽ വീട്ടിൽ നിന്ന് വടക്കേക്കര പൊലീസ് എയർ പിസ്റ്റൾ കണ്ടെടുത്തു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടിൽ സെബാസ്റ്റ‌്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഏറെ നാളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായത്. സെബാസ്റ്റ്യൻ എയർപിസ്‌റ്റൾ ഉപയോഗിച്ചു ഷാനുവിനെ വെടിവച്ചിട്ടുണ്ടെന്നും ഷാനുവിന്റെ നെറ്റിയിൽ വെടി കൊണ്ടു മുറിവുണ്ടായെന്നും പൊലീസ് പറഞ്ഞു.
കഴുത്തറുക്കുന്നതിനു മുമ്പ് ഷാനുവിനെ കൊലപ്പെടുത്താനായി വെടിവച്ചതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ പിസ്‌റ്റൾ കണ്ടെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്‌റ്റൾ എറണാകുളത്തെ കടയിൽ നിന്നാണ് സെബാസ്റ്റ്യൻ വാങ്ങിയത്. എയർപിസ്‌റ്റളിലെ രണ്ട് പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലേറെ പ്രഹര ശേഷി വർധിപ്പിച്ച എയർ പിസ്‌റ്റളാണോയെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം മെഡിക്കൽ കോളേജാശുപത്രിയിൽ സെബാസ്‌റ്റ്യന്റെയും ഷാനുവിന്റെയും പോസ്റ്റ്‌മോർട്ടം നടത്തി. സെബാസ്റ്റ്യന്റെ മൃതദേഹം കൂട്ടുകാട് ചെറുപുഷ്‌പം പള്ളിയിൽ സംസ്കരിച്ചു. ഷാനുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ.