
ന്യൂഡൽഹി: കേരളത്തിലെ രണ്ടു സ്‌കൂളുകൾ ഉൾപ്പടെ 20 സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയതായി സി ബി എസ് ഇ ബോർഡ് അറിയിച്ചു. മലപ്പുറം പീവീസ് പബ്ളിക് സ്‌കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടമായത്. അഫിലിയേഷൻ, പരീക്ഷാ ബൈ-ലോ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നറിയാൻ രാജ്യത്തുടനീളം നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് 20 സ്‌കൂളുകളിലെ ക്രമക്കേട് കണ്ടെത്തിയത്.
പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും കണ്ടെത്തി. പല സ്ഥാപനങ്ങളും സ്കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും സി ബി എസ് ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു. പിന്നാലെ വിശദമായ അന്വേഷണം നടത്തിയാണ് സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്.
ഡൽഹിയിലെ അഞ്ചും യു.പിയിലെ മൂന്നും രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രണ്ട് വീതവും ജമ്മു കശ്മീർ, ഡെറാഡൂൺ, അസം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്‌കൂളുകളുടെയും അഫിലിയേഷനാണ് റദ്ദാക്കിയത്. ഡൽഹി, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ ഓരോ സ്‌കൂളുകൾക്കെതിരെ തരംതാഴ്‌ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.