sdpi

കോഴിക്കോട്: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തത് വോട്ട് ലക്ഷ്യമിട്ടെന്ന് ബിജെപി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്തതിനെയാണ് ബിജെപി വിമര്‍ശിക്കുന്നത്.

തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് മുന്നണികളുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ പുരോഹിതര്‍ പങ്കെടുത്തപ്പോള്‍ ഹാലിളകിയവരാണ് സിപിഎമ്മുകാര്‍.

അവരുടെ സ്ഥാനാര്‍ത്ഥിയും ബുദ്ധിജീവിയുമാണ് ഇപ്പോള്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെപ്പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.