
ദുബായ് : പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 47 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റംസാൻ തുടക്കം മുതൽ ഇതുവരെയുള്ള കണക്കാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അനധികൃത കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിൽ അപകട സാദ്ധ്യത ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം ഭക്ഷ്യ വസ്തുക്കൾ കാലാവധി കഴിഞ്ഞതോ , നിലവാരമില്ലാത്തതോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആകാമെന്ന് ദുബായ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗം അറിയിച്ചു. റംസാൻ മാസത്തിൽ അനധികൃത കച്ചവടങ്ങൾ തടയാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.