
റെയ്‌ക്യവിക്: ഐസ്‌ലൻഡിലെ പ്രശസ്തമായ റെയ്ക്യാനസ് ഉപദ്വീപിലെ അഗ്നിപർവതത്തിലുണ്ടായ സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട വിഷവാതകം നിറഞ്ഞ മേഘങ്ങൾ വടക്കൻ യൂറോപ്പിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. വിഷവാതക മേഘം ആളുകളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമാകില്ലെങ്കിലും ആർട്ടികിന് മുകളിലെ ഓസോൺ ദ്വാരത്തെ ബാധിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു. മാർച്ച് 16നാണ് റെയ്ക്യാനസിലെ അഗ്നിപർവതത്തിൽ സ്ഫോടനമുണ്ടായത്.
പിന്നാലെ അതിശക്തമായ ലാവ പ്രവാഹമുണ്ടായി. അഗ്നിപർവതത്തിന് സമീപമുള്ള ഗ്രിൻഡാവിക് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ വരെ ലാവ ഒഴുകിയെത്തി. ഇവിടുത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. തെക്കൻ ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ബ്ലൂ ലഗൂൺ അടക്കം വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തു. ലാവ പ്രവാഹം കടലിലേക്ക് എത്തിയേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു. ഹൈഡ്രോക്ലോറിക് ആസിഡ് രൂപപ്പെടാൻ ഇത് കാരണമാകും. തീരദേശത്ത് താമസിക്കുന്നവരിൽ ഇത് അപകടം സൃഷ്ടിക്കും. എന്നാൽ, ലാവ പ്രവാഹം കടൽത്തീരം വരെ എത്തിയില്ല.
പക്ഷേ, സ്ഫോടനത്തെ തുടർന്ന് പുറത്തുവന്ന സൾഫർ ഡൈഓക്സൈഡാണ് ഇപ്പോൾ ആശങ്കയ്ക്ക് കാരണം. വിഷലിപ്തവും നിറമില്ലാത്തതുമായ ഈ വാതകം അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ കാണപ്പെടുന്നത് അപകടമാണ്. മാർച്ച് 17ന് ഓരോ സെക്കൻഡിലും 110 പൗണ്ട് സൾഫർ ഡൈഓക്സൈഡാണ് അഗ്നിപർവതത്തിൽ നിന്ന് പുറത്തുവന്നതെന്ന് ഐസ്‌ലൻഡിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശത്തെ ഒരു പവർ പ്ലാന്റിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.
പ്രദേശവാസികൾ പുറത്തിറങ്ങാൻ പാടില്ലെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സൾഫർ ഡൈഓക്സൈഡ് പുറന്തള്ളൽ കുറഞ്ഞു. എന്നാൽ, ഇതിനോടകം തന്നെ 5 കിലോമീറ്റർ ഉയരമുള്ള കട്ടിയേറിയ മേഘം സൃഷ്ടിച്ചെന്നും ഇത് വടക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സർവീസ് അറിയിച്ചു. യു.കെയെ മറികടന്ന വാതക മേഘം സ്കാൻഡിനേവിയൻ പ്രദേശങ്ങളിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.
മേഘത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇത് വായു നിലവാരത്തെയോ കാലാവസ്ഥയോ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സർവീസ് വ്യക്തമാക്കി. ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്‌ക്യവികിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് റെയ്ക്യാനസ്. കഴിഞ്ഞ ഡിസംബർ മുതൽ നാലാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം 2021ലാണ് റെയ്ക്യാനസിൽ പൊട്ടിത്തെറി സജീവമായത്.