pic

ടോക്കിയോ : ചൂട് കാലം എത്തിയതോടെ നമ്മുടെ നാട്ടിൽ തണ്ണിമത്തന് ഡിമാൻഡ് ഏറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും തണ്ണിമത്തന് ആരാധകരേറെയാണ്. ജപ്പാനിലും തണ്ണിമത്തൻ കൃഷിക്ക് ഏറെ പ്രചാരമുണ്ട്.

വ്യത്യസ്ത നിറത്തിലെയും വലിപ്പത്തിലെയും രൂപത്തിലെയും പഴങ്ങൾ ജപ്പാനിൽ കാണാം. അത്തരത്തിൽ ജപ്പാനിൽ കാണപ്പെടുന്ന ഒരു തണ്ണിമത്തൻ വെറൈറ്റിയാണ് ഡെൻസുകെ. പ്രശസ്തമായ ഹൊക്കൈഡോ ദ്വീപിലാണ് ഇവയുടെ ഉത്ഭവം.

ലോകത്തെ ഏറ്റവും വിലയേറിയ തണ്ണിമത്തനാണിത്. കറുത്ത നിറത്തിൽ പന്തു പോലെ ഉരുണ്ട ഇവ സവിശേഷ പ്രക്രിയയിലൂടെയാണ് വളർത്തിയെടുക്കുന്നത്.

പരിമിതമായ അളവിൽ കൃഷി ചെയ്യുന്നതിനാൽ ഓരോ വർഷവും ഇവ ഉയർന്ന വിലയ്ക്ക് ലേലം ചെയ്യുന്നു. 2008ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ 7 കിലോയുള്ള ഡെൻസുകെ തണ്ണിമത്തൻ 4 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഒരു ഡെൻസുകെ തണ്ണിമത്തന് 30,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ ഇതുവരെ ലഭിച്ചിട്ടുണ്ട്.

സാധാരണ തണ്ണിമത്തനിൽ നിന്ന് വ്യത്യസ്തമായി മധുരം കൂടിയ ഇവയിൽ വിത്തുകൾ കുറവാണ്. അയൺ, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണിവ. എട്ട് മാസം വേണം ഇവ പാകമാകാൻ.

തണ്ണിമത്തങ്ങയുടേത് പോലുള്ള മധുരവും നാരങ്ങയുടേത് പോലുള്ള നേരിയ പുളിയുമുള്ള ' ലെമൺ മെലൺ ', വെള്ള സ്ട്രോബെറി, ഓറഞ്ചിന്റെയും മാൻഡരിന്റെയും ഹൈബ്രിഡ് ഇനമായ ഡെക്കോപോൺ സിട്രസ്, ലോകത്തെ ഏറ്റവും വിലകൂടിയ മുന്തിരിയായ റൂബീ റോമൻ, ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാകി തുടങ്ങിയ നിരവധി വ്യത്യസ്ത തരം പഴങ്ങളാണ് ജപ്പാനിൽ കൃഷി ചെയ്യുന്നത്. ക്യൂബിന്റെ ആകൃതിയിലുള്ള തണ്ണിമത്തങ്ങകളും ജപ്പാനിലെ സൂപ്പർമാർക്കറ്റുകളിൽ കാണാം.