edappadi-k-palaniswami

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി അണ്ണാ ഡിഎംകെ. വമ്പൻ വാഗ്ദ്ധാനങ്ങളും സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളുമാണ് പട്ടികയിലുള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തുവച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയാണ് പത്രിക പുറത്തിറക്കിയത്.


ഗവർണർമാരെ നിയമിക്കുന്ന സമയത്ത് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്രം ആലോചിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഇക്കാര്യം ഡി എം കെയുടെ പ്രകടന പത്രികയിലും ഉണ്ട്.

സുപ്രീം കോടതിയുടെ പ്രാദേശിക ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകുക, നിയമസഭയിൽ സ്ത്രീകൾക്ക് 33% സംവരണം നൽകുക. പാർലമെന്റിന്റെ ശീതകാല സമ്മേളനം ചെന്നൈയിൽ നടത്തണമെന്നും പുതിയ ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം പിൻവലിക്കും തുടങ്ങി 133 വാഗ്ദ്ധാനങ്ങളാണ് പത്രികയിലുള്ളത്.

പെട്രോൾ, ഡീസൽ, പാചക വാതക സിലിണ്ടറുകൾ തുടങ്ങി അവശ്യസാധനങ്ങളുടെ വില നിർണയിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ചുമതല കേന്ദ്രം ഏറ്റെടുക്കണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ നൽകണം (നിലവിൽ നൽകുന്നത് 1,000 രൂപ), തൊഴിലുറപ്പ് പദ്ധതിയുടെ ദിവസക്കൂലി 450 രൂപയായി ഉയർത്തണമെന്നും പാർട്ടി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് താമസിക്കുന്ന ശ്രീലങ്കൻ പൗരന്മാരുടെ പൗരത്വത്തിന്റെ കാര്യവും ഇതിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ ലങ്കൻ തമിഴരെയും മുസ്ലീങ്ങളെയും ഉൾപ്പെടുത്തണമെന്നും തങ്ങൾ ഇതിനായി ശ്രമിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

മുതിർന്ന പൗരന്മാർക്കും പത്രപ്രവർത്തകർക്കും ദീർഘദൂര ട്രെയിൻ നിരക്കുകളിൽ 50% ഇളവ് പുനഃസ്ഥാപിക്കണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടു. സെസ്, സർചാർജ് എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്നുവെന്ന് ഉറപ്പാക്കും, നീറ്റിന് പകരം ഹയർസെക്കൻഡറി പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം, ദേശീയ സംസ്ഥാന പാതകളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക പാതകൾ ഏർപ്പെടുത്തും, വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവരുടെ കടം എഴുതിത്തള്ളണം, 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി മറ്റൊരു പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കണം തുടങ്ങിയ കാര്യങ്ങളും പ്രകടനപത്രികയിൽ പറയുന്നു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വഴി നൽകുന്ന പെൻഷൻ 10 വർഷത്തിലേറെയായി പ്രതിമാസം 3,000 രൂപയാണ്. അത് പരിഷ്‌കരിച്ചിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി 6,000 രൂപയിൽ നിന്ന് 12,000 രൂപയായി പരിഷ്‌കരിക്കണം. നെല്ലിന്റെയും കരിമ്പിന്റെയും വില യഥാക്രമം ക്വിന്റലിന് 5,000 രൂപയും ടണ്ണിന് 6,000 രൂപയും നിശ്ചയിക്കണം. കർഷകരുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാരാണ്, അല്ലാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളല്ലെന്നും പ്രകടനപത്രികയിൽ പറയുന്നു.