kseb-

തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയിൽ സംസ്ഥാനത്ത് പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് 128 ജലവൈദ്യുത പദ്ധതികൾ. ഇവ പൂർത്തിയായാൽ ഉത്പാദിപ്പിക്കാനാവുക 778 മെഗാവാട്ട് വൈദ്യുതി. പത്തു വർഷത്തിലേറെയായി ഇവയുടെ നിർമ്മാണം മുടങ്ങിയിട്ട്.

സോളാറിനോടെന്ന പോലെ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജല പദ്ധതികളോടും അധികൃതർക്ക് ചിറ്റമ്മ നയമാണെന്ന് ആക്ഷേപം. ഒരു രൂപയിൽ താഴെ മാത്രമാണ് ജലവൈദ്യുതിയുടെ ഉത്പാദനച്ചെലവ്. ഹൈപ്രൈസ് എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുമ്പോഴാണ് ഇത്തരം ലഭ്യമായ ഉത്പാദന സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർ മെനക്കെടാത്തത്.

താപനിലയങ്ങൾക്കും ആണവനിലയങ്ങൾക്കും ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് പരിമിതികളുണ്ട്. അവയ്ക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്നതാണ് സോളാർ, ജല വൈദ്യുത പദ്ധതികൾ. സംസ്ഥാനത്തെ 77 ലക്ഷം കെട്ടിടങ്ങളിൽ നാലിലൊന്ന് വീടുകളിലെങ്കിലും സോളാർ പ്ളാന്റ് സ്ഥാപിക്കാനായാൽ 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് പഠന റിപ്പോർട്ട്. സംസ്ഥാനത്ത് ലഭിക്കുന്ന മഴവെളളത്തിൽ 70ശതമാനവും പാഴായി പോകുന്നുവെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ടുമുണ്ട്.

നിലവിൽ പീക്ക് അവറിലെ വൈദ്യുതിക്ഷാമം ഒഴിവാക്കാൻ യൂണിറ്റിന് 8-12 രൂപ നിരക്കിലാണ് പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങുന്നത്. അമിതവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം അടിച്ചേൽപ്പിക്കുക ഉപഭോക്താക്കളിലാണ്. പുറമേനിന്ന് വാങ്ങുന്നതിന്റെ പേരിൽ യൂണിറ്റിന് 10 മുതൽ 19 പൈസവരെ സെസും ഈടാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന വൈദ്യുതിനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

രൂപകല്പനയിലെ അപാകത, അഴിമതി

1.രൂപകല്പനയിലെ അപാകത, സ്ഥലമേറ്റെടുപ്പിലെ കാലതാമസം തുടങ്ങിയവ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസം

2.ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി എന്നിവയും കാരണമാകുന്നു

3.ഒാരോ വർഷവും എസ്റ്റിമേറ്റ് പുതുക്കുന്നതിലൂടെ നിർമ്മാണച്ചലവ് കൂടുന്നു

പാതിവഴിയിൽ മുടങ്ങിയ

പ്രധാന പദ്ധതികൾ

(ഉത്പാദനശേഷി മെഗാവാട്ടിൽ )

പള്ളിവാസൽ............................. 60

തൊട്ടിയാർ................................ 40

മാങ്കുളം...................................... 40

പാമ്പാർ......................................40

ചെങ്കുളം................................... 24

അപ്പർ ചെങ്കുളം........................ 24

കാക്കടാംപൊയിൽ.................. 20

അച്ചൻകോവിൽ...................... 30

വാക്കലാർ................................. 24

പെരിങ്ങൽകുത്ത്.................... 24

ഭൂതത്താൻകെട്ട്...................... 24

ചിന്നാർ..................................... 24

കീഴാർകുത്ത്............................15

കരിക്കയം..................................15

വൈദ്യുതി വാങ്ങാൻ

പ്രതിവർഷ ചെലവ്:

8,900-11,000കോടി