
ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങളെ അടിച്ചമർത്തി ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണം നിലനിറുത്താൻ നാഷണൽ പാർട്ടി നടപ്പിലാക്കിയതും, 1948 മുതൽ 1994 വരെ നിലവിലുണ്ടായിരുന്നതുമായ വർഗീകരണ നിയമവ്യവസ്ഥയാണ് അപ്പാർട്ട്ഹൈഡ് അഥവാ അപ്പാർത്തീഡ്. കറുത്ത വംശജരെ സായുധമായി നേരിടാനായിരുന്നു ശ്രമം. 1980- കളിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പ്രക്ഷോഭങ്ങളെ തടയാൻ കഴിയാതെവന്നപ്പോൾ 1990-ൽ പ്രസിഡണ്ട് എഫ്.ഡൂബ്യു.ഡി ക്ലെർക്ക് (Frederik Willem de Klerk) വർണവിവേചനം നിറുത്തലാക്കാനുള്ള ചർച്ചകൾ തുടങ്ങി. 1994-ൽ എല്ലാ വംശക്കാർക്കും വോട്ടവകാശമുള്ള തിരഞ്ഞെടുപ്പിൽ നെൽസൺ മണ്ടേല നേതൃത്വം നൽകിയ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിജയം കൈവരിച്ചതുവരെയുള്ള ചരിത്രം നമുക്ക് പരിചിതം.
അതല്ല വിഷയം. കേരളം ഇന്ന് പഴയ ദക്ഷിണാഫ്രിക്കയ്ക്ക് പഠിക്കുകയാണോ എന്നൊരു സംശയം. നാട്യശാസ്ത്രത്തിൽ ഭരതമുനിയുടെ നിർവചനങ്ങൾ മനസിലാക്കാൻ നാട്യശാസ്ത്രം തന്നെ പഠിക്കണം. പക്ഷേ, ജാതി വെറിയുടെ സംക്ഷേപമെന്തെന്ന് അറിയാൻ കലാമണ്ഡലം സത്യഭാമയുടെ പരാമർശം ധാരാളം. 'കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള സഹിക്കില്ല" എന്നൊക്കെയുള്ള, ആർ.എൽ.വി രാമകൃഷ്ണനെ ലക്ഷ്യമാക്കിയുള്ള 'ജൂനിയർ സത്യഭാമ"യുടെ അധിക്ഷേപം അതിരുകടന്നതാണ്. (കലാമണ്ഡലം സത്യഭാമ എന്ന പേരിൽ പ്രശസ്തയായ യഥാർത്ഥ കലാമണ്ഡലം സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്‌നിയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായ ശ്രേഷ്ഠ കലാകാരിയാണ്. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്)
ആക്ഷേപം
ശിക്ഷാർഹം
ഐ.പി.സി 499-ാം വകുപ്പ് അനുസരിച്ച് ശിക്ഷാർഹമായ പരാമർശമാണ് സത്യഭാമയുടേത്. പറഞ്ഞതോ എഴുതിയതോ ആയ വാക്കുകളിലൂടെയോ അടയാളങ്ങളിലൂടെയോ മറ്രോ വ്യക്തികളുടെ പ്രശസ്തിയെ ബാധിക്കുന്നതായി നടത്തുന്ന ഏത് ആക്ഷേപവും അപകീർത്തികരമെന്ന് ഈ വകുപ്പ് നിർവചിക്കുന്നു. Innuendo അഥവാ ഇൻഡയറക്ട് ഹിന്റ് പ്രകാരം 'അതു തനല്ലയോ ഇത്" എന്ന ഉൽപ്രേക്ഷയാണ് ഈ വകുപ്പ് പ്രതിനിധാനം ചെയ്യുന്നത്. മറ്റൊരാളെ അപകീർത്തിപ്പെടുത്തുക എന്ന കുറ്റകരമായ ഈ തെറ്റിന് രണ്ടുവർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയതോ ആയ ശിക്ഷ ലഭിക്കാം. അപകീർത്തിയെ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 499, 500, വകുപ്പുകളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
സത്യഭാമ ആക്ഷേപിച്ചതു പോലെ, ഏതോ ഒരു സ്ഥാപനത്തിൽ, എന്തോ ഒന്ന് പഠിച്ചിറങ്ങിയതല്ല ആൽ.എൽ.വി രാമകൃഷ്ണൻ. തന്റെ കലാവിദ്യാ യോഗ്യതകൾ രാമകൃഷ്ണൻ തന്നെ വിശദമാക്കുന്നുണ്ട്: 1996 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ മോഹിനിയാട്ട കളരിയിൽ പഠനം. നാലു വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും. എം.ജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മോഹിനിയാട്ടം എം.എ. കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ ഉയർന്ന മാർക്കോടെ എം.ഫിൽ. കലാമണ്‌ഡലത്തിൽ നിന്നുതന്നെ മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി പൂർത്തിയാക്കി. യു.ജി.സി നെറ്റ് പരീക്ഷ വിജയിച്ചു. ദൂരദർശൻ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റ്. കാലടി സംസ്കൃത സർവകലാശാലയിലും ആർ.എൽ.വി കോളജിലും പതിനഞ്ചു വർഷത്തിലധികം കാലം മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചറർ.... ഈ രാമകൃഷ്ണനെയാണ് സത്യഭാഷ മോഹിനിയാട്ടത്തിനു കൊള്ളാത്ത കാക്കക്കറുമ്പൻ എന്ന് ആക്ഷേപിച്ചത്!
സവർണരുടെ
ഹൈജാക്കിംഗ്
ആർ.എൽ.വി രാമകൃഷ്ണന്റെ ജ്യേഷ്ഠൻ, അന്തരിച്ച പ്രശസ്ത നടനും നാടൻപാട്ടു കലാകാരനുമായ കലാഭവൻ മണിക്ക് നായികയെ കിട്ടാതിരുന്ന നാടാണ് കേരളം. ഇന്നും ജാതി വെറിയുടെ ഈറ്റില്ലമാണ് മലയാള കലാരംഗവും കലാ മേഖലയുമെന്ന സത്യം മറച്ചുവച്ചാൽ മായുന്നതല്ല. 1930-ൽ വള്ളത്തോൾ നാരായണ മേനോൻ കലാമണ്ഡം സ്ഥാപിച്ചപ്പോൾ ഈ ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നെങ്കിലും, സവർണ ജാതി വിഭാഗങ്ങൾ കലകളെയും കലാമണ്ഡലത്തെയും ഹൈജാക്ക് ചെയ്യുകയായിരുന്നു. നിരവധി സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങൾക്ക് ശില പാകിയ കേരളത്തിൽ കലാമണ്ഡലം പോലൊരു സ്ഥാപനം വിവേചനങ്ങളുടെ ആസ്ഥാനമാകേണ്ടതാണോ? നേരത്തേ കലാണ്ഡലത്തിൽ വച്ചുതന്നെ സത്യഭാമ തന്നെ ആക്ഷേപിച്ചിട്ടുണ്ടെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറയുന്നുണ്ട്.
നൃത്തകലയിൽ സജീവമായ പുരുഷ കലാകാരന്മാരിൽ ഒരാൾ മാത്രമാണ് രാമകൃഷ്ണൻ. ദളിത് ഐഡന്റിറ്റി കാരണം മോഹിനിയാട്ടത്തിൽ വേണ്ടത്ര അംഗീകാരം കിട്ടാതെപോയവർ അമിത്, ദിവ്യ നെടുങ്ങാടി, ഡോ.കെ.എം. അബു തുടങ്ങി നിരവധിയുണ്ട്. മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി നേടിയ ആദ്യ മുസ്ലിം അക്കാഡമിക് നർത്തകനും ആദ്യ പുരുഷ നർത്തകനുമാണ് അബു. പഴയ കാലങ്ങളിൽ നർത്തകിക്കൊപ്പം ഒരു നട്ടുവന്റെ (പുരുഷൻ) സാന്നിദ്ധ്യം കൂടി മോഹിനിയാട്ടത്തിലുണ്ടായിരുന്നു. നൃത്തരൂപം പരിഷ്കരിച്ചതോടെ നട്ടുവൻ സങ്കല്പം ഇല്ലാതായി. അങ്ങനെയാണ് സ്ത്രീലിംഗമായി ഈ നൃത്തരൂപം ലേബൽ ചെയ്യപ്പെട്ടത്.
ദേവദാസികളിൽ നിന്ന് ദാസ്യ നൃത്തവും, അതിൽ നിന്ന് തേവിടിശ്ശി ആട്ടവും, ആ ആട്ടത്തിൽ നിന്ന് മോഹിനിയാട്ടവും ഉണ്ടായി എന്നാണ് ചരിത്രം. കൂത്ത് കളിച്ചിരുന്ന കലാകാരികളെ പണ്ട് കൂത്തച്ചി എന്നാണ് വിളിച്ചിരുന്നത്; ആട്ടക്കലാകാരികളെ തേവിടിശ്ശി എന്നും! ഇന്ന് ചിലരുടെ ജല്പനങ്ങൾ കേട്ടാൽ പഴയ തേവിടിശ്ശി പ്രതാപത്തിലേക്ക് അവർ വലിഞ്ഞുകയറിപ്പോകുന്നതു പോലെ തോന്നും!
(ബോക്സ്)
മോഹിനിയാട്ടവും
മോണ്ട്ഗോമറിയും!
അമേരിക്കയിൽ കറുത്ത വർഗക്കാർ നേരിട്ട വംശീയ വിവേചനവും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഏറ്റവും പ്രശസ്തമായ, സമാധാനപരമായ പ്രതിഷേധങ്ങളിലൊന്നായ മോണ്ട്ഗോമറി ബസ് ബഹിഷ്കരണവും (1955-56) ഓർമ്മ വരുന്നു. 1955-ൽ, അലബാമയിലെ മോണ്ട്‌ഗോമറിയിൽ ഒരു വെള്ളക്കാരന് ബസിൽ സീറ്റ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിന് റോസ പാർക്ക്സ് എന്ന കറുത്തവർഗക്കാരി അറസ്റ്റിലായി. ബസിന്റെ മുൻഭാഗത്തെ സീറ്റുകൾ വെള്ളക്കാർക്കു മാത്രമായിരുന്നു. വെള്ളക്കാരായ കൂടുതൽ യാത്രക്കാർ ബസിൽ കയറുമ്പോൾ, കറുത്ത വർഗക്കാർ തങ്ങളുടെ സീറ്റുകൾ ഉപേക്ഷിച്ച് പിന്നിലേക്കു നീങ്ങാൻ നിർബന്ധിതരാകും.
റോസ പാർക്ക്സിന്റെ അറസ്റ്റിന്റെ വെളിച്ചത്തിൽ, നഗരത്തിലെ ബസുകൾ ബഹിഷ്‌കരിക്കാൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഒഫ് കളർഡ് പീപ്പിൾ (NAACP) തീരുമാനിച്ചതോടെയാണ് മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണം ആരംഭിച്ചത്. പൊതു ഗതാഗതത്തിലെ വംശീയ വേർതിരിവിനെതിരായ പ്രതിഷേധമാണ് മോണ്ട്‌ഗോമറി. അത് 381 ദിവസം നീണ്ടു. ബാപ്റ്റിസ്റ്റ് മന്ത്രിയായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആ നിശബ്ദ സമരത്തിന് നേതൃത്വം നൽകി. ബഹിഷ്‌കരണത്തിനു മുമ്പ് ബസിൽ കയറിയ ഭൂരിഭാഗവും കറുത്ത വർഗക്കാരായിരുന്നു. പിന്നീട് ബഹിഷ്കരണത്തോടെ വരുമാനം വൻ തോതിൽ ഇടിയുകയും ബസ് സർവീസ് കമ്പനികൾ തകരുകയും ചെയ്തു. പൊതു ബസുകളിലെ വേർതിരിവ് അവസാനിപ്പിക്കുന്നതിലെ വിജയമായിരുന്നു അത്!