spurious-liquor

ചണ്ഡീഗഡ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. എത്തനോൾ അടങ്ങിയ വ്യാജ മദ്യം കഴിച്ച് 40പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് സംഗ്രൂരിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്.

മാർച്ച് 20 ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് നാലുപേർ മരിച്ചു. തുടർന്ന് 22ന് എട്ടുപേരും 23ന് അഞ്ചുപേരും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെയാണ് ആകെ മരണസംഖ്യ 21 ആയി ഉയർന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ വർഷവും മേയ് മാസത്തിൽ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.