miya

ആർഎൽവി രാമകൃഷ്ണൻ കറകളഞ്ഞ നല്ലൊരു കലാകാരനാണെന്ന് നടി മിയ. കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന സമയത്ത് രാമകൃഷ്ണനിൽ നിന്ന് നേരിട്ട അനുഭവത്തെക്കുറിച്ചാണ് മിയ ആരാധകരോട് തുറന്നുപറഞ്ഞിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ

ആർഎൽവി രാമകൃഷ്ണൻ സാറിനെ അധിക്ഷേപിക്കുന്ന രീതിയിൽ ഒരാൾ സംസാരിച്ച വീഡിയോയും വാർത്തകളും കാണാനിടയായി. ഈ സമയത്ത് സാറിൽ നിന്നുമുണ്ടായ ഒരു നല്ല അനുഭവം നിങ്ങളോട് പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കോട്ടയം ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിന് പങ്കെടുക്കാനെത്തി. ഞാൻ ഒന്നാമതായി വേദിയിൽ കയറി കളിച്ചു. പക്ഷെ എട്ടര മിനിട്ട് കഴിഞ്ഞപ്പോഴേക്കും പാട്ട് നിന്ന് പോയി. എന്നിട്ടും ഞാൻ മോഹിനിയാട്ടം കളിച്ച് പൂർത്തിയാക്കി.

View this post on Instagram

A post shared by Miya (@meet_miya)

മത്സരങ്ങളിൽ എന്തെങ്കിലും സാങ്കേതിക തടസം സംഭവിച്ചാൽ മത്സരാർത്ഥികൾക്ക് വീണ്ടും കളിക്കാനുളള അവസരം ഉണ്ട്. അപ്പോൾ എന്റെ അമ്മ ഭാരവാഹികളോട് സംസാരിച്ച് വീണ്ടും കളിക്കാനുളള അവസരം കിട്ടി. ഞാനും അമ്മയും വേദിക്ക് പിറകിൽ ഇരിക്കുകയായിരുന്നു. അപ്പോൾ രാമകൃഷ്ണൻ സാർ മോഹിനിയാട്ടത്തിൽ പങ്കെടുപ്പിക്കാനായി മ​റ്റൊരു കുട്ടിയെ തയ്യാറാക്കുകയായിരുന്നു. അപ്പോൾ സാർ എന്നോട് കാര്യം ചോദിച്ചു. അതിനുശേഷം രാമകൃഷ്ണൻ സാർ എന്നെ സമാധാനിപ്പിക്കുകയും കുടിക്കാനായി വെളളവും കഴിക്കാനായി ഓറഞ്ചും തരികയും ചെയ്തു. അന്നുമുതലാണ് സാറും ഞാനും പരിചയത്തിലാകുന്നത്. അതെല്ലാം കഴിഞ്ഞ് മത്സരത്തിന്റെ ഫലം വന്നപ്പോൾ എനിക്ക് ഒന്നാംസ്ഥാനം കിട്ടുകയും ചെയ്തു. സാറിന്റെ വിദ്യാർത്ഥിക്ക് എതിരായിട്ടാണ് ഞാൻ മത്സരിച്ചിട്ട് പോലും യാതൊരു വിധത്തിലുളള നെഗറ്റീവ് ഇമോഷനും രാമകൃഷ്ണൻ സാർ കാണിച്ചില്ല. അദ്ധ്യാപകന്റെ സ്‌നേഹത്തോടുളള ഇടപെടലാണ് എനിക്ക് ലഭിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. കറകളഞ്ഞ നല്ലൊരു കലാകാരനാണ്. എല്ലാവരും സാറിനോടൊപ്പമുണ്ട്‌.