
ഇസ്ലാമാബാദ്: ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ പേജുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവത്തിൽ ലാഹോറിലെ ബേഡിയൻ റോഡ് പ്രദേശത്തെ ആസിയ ബീബിയെ 2021ലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
യുവതി തന്റെ വീടിന് പുറത്ത് ഖുറാൻ കത്തിച്ചതായി അയൽവാസികൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മതനിന്ദ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരമാണ് ആസിയയ്ക്ക് എതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്.
യുവതി മതനിന്ദ കാണിച്ചിട്ടില്ലെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം അയൽക്കാരൻ കള്ളം പറഞ്ഞാതാണെന്നും ആസിയയ്ക്ക് വേണ്ടി വാദിച്ചു.എന്നാൽ ഖുറാൻ കോപ്പി കത്തിച്ചപ്പോൾ ആസിയെ കെെയോടെ പിടികൂടിയതാണെന്നും കത്തിയ കോപ്പികൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയെന്നും പ്രോസിക്യൂട്ടർ വാദിച്ചു. തുടന്ന് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ മേൽക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആസിയയുടെ അഭിഭാഷകൻ പ്രതികരിച്ചു.