
വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ പല ദമ്പതികളിലും നിരാശയോ ചെറിയൊരു അകൽച്ചയോ ഒക്കെ കണ്ടുവരുന്നുണ്ട്. ഒരു കുഞ്ഞ് വന്നതിന് ശേഷമായിരിക്കാം ചിലപ്പോൾ അകൽച്ചയുണ്ടാകുന്നത്. പോസ്റ്റ്പാർട്ട് ഡിപ്രഷൻ അടക്കമുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വിവാഹേതര ബന്ധങ്ങൾ തേടിപ്പോകുന്നവരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമത്തിൽ വന്ന, പേര് വെളിപ്പെടുത്താത്ത ഒരാളുടെ ലേഖനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള അനുഭവമാണ് ഈ വ്യക്തി പങ്കുവയ്ക്കുന്നത്.
'പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ് ഞങ്ങൾ. കുഞ്ഞിനെ വളർത്താനുള്ള ഉത്തരവാദിത്തം, കൂടാതെ വീട്ടിലെ സാമ്പത്തിക പിരിമുറുക്കവും എല്ലാം കൂടി വന്നു. ഒന്നിച്ചിരിക്കുന്ന സമയം കുറഞ്ഞു. ദാമ്പത്യത്തിലെ പിരിമുറുക്കം ഓരോ ദിവസം കഴിയുന്തോറും കൂടി വന്നു. വേർപിരിയലിനെക്കുറിച്ച് പോലും ഞങ്ങൾ ചിന്തിച്ചിരുന്ന സമയമായിരുന്നു അത്.
പൊരുത്തക്കേടുകൾ കൂടിയതോടെ ഓരോരുത്തർക്കും അവരവരുടെ 'ബിസിനസ് ശ്രദ്ധിക്കാം' എന്ന സമീപനം സ്വീകരിച്ചു. അവൾ എവിടെയാണെന്നതിനെക്കുറിച്ച് ഞാൻ കാര്യമാക്കുന്നില്ല, ഞാൻ എന്താണ് ചെയ്യുന്നതെന്നോർത്ത് അവൾ വിഷമിക്കുന്നില്ല. അതിനെ 'ഓപ്പൺ മാര്യേജ്' എന്ന് വിളിക്കാമോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി മാത്രം ഞങ്ങൾ ഒരുമിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്.
ഇതിനിടയിലാണ് വിവാഹേതര ഡേറ്റിംഗ് അപ്പായ ഗ്ലീഡനെപ്പറ്റി അറിയുന്നത്. ഇതിനെക്കുറിച്ച് കേട്ടപ്പോൾ കൗതുകം തോന്നി, പക്ഷേ അത് അധികം പ്രലോഭിപ്പിച്ചില്ല. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും വൈകാരികമായി ഏറെ തളർന്നു.
ജീവിതം ഒന്നിൽ നിന്ന് വീണ്ടും തുടങ്ങാമെന്ന ചിന്ത വന്നു. അങ്ങനെയാണ് ഗ്ലീഡൻ ആപ്പ് ഉപയോഗിക്കുന്നത്. ഒന്നരവർഷം ഈ ആപ്പ് ഉപയോഗിച്ചു. എന്നെ ഇഷ്ടപ്പെടുന്ന ചില അത്ഭുതകരമായ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. അസന്തുഷ്ടമായ വിവാഹങ്ങളിൽ കുടുങ്ങിപ്പോയവർ. ചില സ്ത്രീകൾ എനിക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു. ഓരോരുത്തരുടെയും ദാമ്പത്യ പ്രശ്നങ്ങൾ പങ്കുവച്ച് പരസ്പരം ആശ്വസിപ്പിച്ചു.
കാറുകളിൽ യാത്ര ചെയ്യുന്നതുമുതൽ ഹോട്ടൽ മുറികളിലെ സുഖവാസം വരെ, എനിക്ക് അറിയാത്ത സ്ത്രീകളിൽ ഞാൻ ആശ്വാസം കണ്ടെത്തി. വൈകാരികമായി എനിക്കൊരു കൂട്ട് എന്ന ലക്ഷ്യത്തോടെയയാണ് ഞാൻ ആപ്പ് സൈൻ ചെയ്തത്. മനസിൽ അടക്കിപ്പിടിച്ച നിരാശ പുറത്തുവിടാനും തൃപ്തിപ്പെടുത്താനും ഗ്ലീഡൻ എനിക്ക് ആശ്വാസമായിരുന്നു. എന്നാൽ പിന്നീട് ഭാര്യയെ വഞ്ചിക്കുകയാണോയെന്ന് കുറ്റബോധം തോന്നി. ദിവസങ്ങൾ കടന്നുപോകുന്തോറും ഇത് എന്റെ വൈകാരികതയെ തളർത്തി.