kerala-

തിരുവനന്തപുരം: കോവളം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിൽ വച്ച് 25ന് 100 ആദിവാസി യുവതികളുടെ വിവാഹം നടത്തുന്നത് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വളർച്ചയുടെ നാഴികക്കല്ലാണെന്ന് കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.വിബിൻദാസ് കടങ്ങോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100 ശാഖകൾ പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് സമൂഹവിവാഹം നടത്തുന്നത്.

ലോകചരിത്രത്തിൽ ഇടംനേടുന്ന ചടങ്ങ് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായാണ് നടത്തുന്നത്. ഒരുലക്ഷത്തോളം പേർക്കുള്ള അന്നദാനവും ഉണ്ടായിരിക്കും. ചടങ്ങിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്ക് സ്വർണാഭരണങ്ങൾ (താലി, മാല, മോതിരം), പലവ്യഞ്ജന കിറ്റ്, വിവാഹവസ്ത്രം, താമസം, യാത്രാസൗകര്യം എന്നിവ നൽകും. 24ന് വൈകിട് ക്ഷേത്രത്തിൽ വച്ച് ആദിവാസി ഗോത്ര സമുദായത്തിലെ ചടങ്ങുകൾ നടക്കും.

വിവാഹദിവസം വധു-വരന്മാരുടെ ആയുരാരോഗ്യത്തിനും ദീർഘസുമംഗലി സൗഖ്യത്തിനും വേണ്ടി മഹാ മഹാ ത്രിപുരസുന്ദരി ഹോമം മുഖ്യ ആചാര്യൻ പി.ഭാഗ്യരാജ് ശിവാചാര്യരുടെ സാന്നിദ്ധ്യത്തിൽ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലഭിച്ച 1500ലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് വിവാഹിതരാകുന്നത്. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 100ാമത്തെ ബ്രാഞ്ച് ഇന്ന്(23) രാവിലെ 11.30ന് കേശവദാസപുരത്ത് ഗണേശോത്സവ ട്രസ്റ്റ് ചെയർമാനും പൗർണമിക്കാവ് മുഖ്യ ട്രസ്റ്റിയുമായ എം.എസ്.ഭുവനചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.