
2024-25 സാമ്പത്തിക വർഷം അടുത്ത മാസം ആദ്യം മുതലാണ് ആരംഭിക്കുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് ഏപ്രിൽ ആദ്യ ദിവസം മുതൽ നടപ്പിലാകാൻ പോകുന്നത്. ഇതിലൂടെ പണം ചെലവഴിക്കുന്നതിലും നിക്ഷേപിക്കുന്നതിലും കുറച്ച് മാറ്റങ്ങൾ വരും.ഈ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ഉണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. പെൻഷൻ സമ്പ്രദായത്തിൽ വരുന്ന മാറ്റം
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ സുരക്ഷാ മാർഗം, രണ്ട് ഘട്ടങ്ങളായുളള ആധാർ അടിസ്ഥാനമാക്കിയുളള തിരിച്ചറിയൽ തുടങ്ങിയവയാണ് അവയിലെ ചില മാറ്റങ്ങൾ. പെൻഷൻ കൈപ്പറ്റുന്നവർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വൈബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതിനായി പാസ്‌വേഡുകൾ ഒരുക്കും. അടുത്ത മാസം ആദ്യം മുതൽ ഇത് പ്രാവർത്തികമാക്കും. ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങൾ പിഎഫ്ആർഡിഎ മാർച്ച് 15ന് തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാകും.
2. യെസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡിനുണ്ടാകുന്ന മാറ്റം.
ഒരു വർഷത്തിൽ ആദ്യ മൂന്ന് മാസത്തിനകം ഉപയോക്താക്കൾ യെസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡുപയോഗിച്ച് 10,000 രൂപയോ അതിൽ കൂടുതലോ തുക ചിലവാക്കുകയോ ചെയ്യുകയാണെങ്കിൽ കോംപ്ലിമെന്ററി ഗാർഹിക ലോഞ്ച് പ്രവേശനത്തിന് അംഗീകാരം ലഭിക്കുന്നതാണ്. ഇത് അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കും.
3. ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡിനുണ്ടാകുന്ന മാറ്റം
അടുത്ത മാസം ആദ്യം മുതൽ ഐസിഐസിഐ ക്രഡിറ്റ് കാർഡുകളിലും ചില മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രകാരം ഒരു വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾക്കുളളിൽ 35000 രൂപയോ അതിനേക്കാൾ തുകയോ ചെലവഴിച്ചാൽ കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനും അംഗീകാരം ലഭിക്കുന്നതാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ നിങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗം ആരംഭിച്ച് കൃത്യം ഏപ്രിൽ, മേയ്, ജൂൺ എന്നീ മാസങ്ങളിൽ എത്തുമ്പോൾ ആകെ ചെലവ് 35,000 രൂപയോ അതിൽ കൂടുതലോ ആയവർക്കാണ് ഈ അവസരം.
4. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡിനുണ്ടാകുന്ന മാറ്റം
ആക്സിസ് ക്രഡിറ്റ് കാർഡിലൂടെ നടത്തുന്ന ഇൻഷുറൻസ്, സ്വർണാഭരണങ്ങൾ വാങ്ങിക്കുമ്പോഴുളള ഇളവ്, പെട്രോൾ പമ്പുകളിൽ നടത്തുന്ന പണമിടപാട് തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കില്ല.
5. ഒല മണി വാലറ്റ്
അടുത്ത മാസം ആദ്യം മുതൽ പ്രതിമാസം പരാമാവധി 10,000 രൂപയുടെ വാലറ്റ് ലോഡ് നിയന്ത്രണത്തോടെ പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ) വാലറ്റ് സേവനങ്ങളിലേക്ക് മാറുകയാണെന്ന് ഒല അറിയിച്ചു. കമ്പനി ഇതിനോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചിട്ടുണ്ട്.