
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ജർമനിയെ അതൃപ്തി അറിയിച്ച് ഇന്ത്യ. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നും നിയമം എങ്ങനെ നടപ്പാക്കാമെന്ന് നന്നായറിയാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ജർമനിയുടെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും, ജുഡീഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഊർജ്ജസ്വലവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.'- വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചുവരുത്തിയിട്ടുണ്ട്. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക അറിയിച്ചുകൊണ്ടുള്ള ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
അരവിന്ദ് കേജ്‌രിവാളിന് നീതിപൂർണമായ വിചാരണയ്ക്ക് അവകാശമുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ജുഡീഷ്യറിയുടെ നിഷ്പക്ഷത എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജർമൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
മദ്യനയ അഴിമതിക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഒൻപത് സമൻസ് നൽകിയെങ്കിലും കേജ്‌രിവാൾ അവഗണിച്ചിരുന്നു. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയതിന് പിന്നാലെയാണ അറസ്റ്റ് ചെയ്‌തത്. ഇന്നലെ കേജ്‌രിവാളിനെ വിചാരണക്കോടതി ആറു ദിവസം ഇ ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പത്തു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡി ചോദിച്ചെങ്കിലും ആറു ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു.