caa

പാലക്കാട്: പൗരത്വഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും മുസ്ലീങ്ങളെ ബില്ലിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയാണെന്നും മെട്രോമാൻ ഇ ശ്രീധരൻ. പാലക്കാട് നിയമസഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കില്ല. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ താൻ നിരസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇ ശ്രീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

'പൗരത്വ ഭേദഗതി മുസ്ലീങ്ങളെ മാത്രം ഒഴിച്ചുനിർത്തി, അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്ന നടപടിയാണ്, ഭരണഘടന പ്രകാരം അത് ശരിയാണോ' എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

ഇ ശ്രീധരന്റെ വാക്കുകളിലേക്ക്...

'ശരിയാണ്, കാരണം സിഎഎ ഒരു വിഭാഗക്കാർക്ക് കൊടുക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ, എന്തുകൊണ്ടാണെന്ന് നമ്മൾ ആലോചിച്ച് നോക്കണം. അവർ അന്യരാജ്യങ്ങളിൽ നിന്നുവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്ലീം രാജ്യങ്ങളിൽ നിന്ന് വന്നവരാണ് അധികവും. അവർ ഇവിടെ വരാനുളള കാരണം എന്താണ്?​ അവർക്ക് അവിടെ നിൽക്കാൻ നിവൃത്തി ഇല്ല. അതാണ് അവർ ഓടി വന്നേ. പത്തും പതിനഞ്ചും കൊല്ലം മുമ്പേ വന്ന ആൾക്കാരാണ്. അവർക്ക് പൗരത്വം കൊടുത്തില്ലെങ്കിൽ പിന്നെ ഏത് രാജ്യമാണ് കൊടുക്കുക. നമുക്ക് മുസ്ലീങ്ങൾക്ക് കൊടുക്കേണ്ട ആവശ്യം എന്താണ്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ഇഷ്ടപ്രകാരം പോയി താമസിക്കുന്ന ആൾക്കാരാണ്. അവർക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ആരും ഓടിക്കുന്നില്ല'- ഇ ശ്രീധരൻ പറഞ്ഞു.

പ്രായം കാരണമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നാണ് ഇ ശ്രീധരൻ പറയുന്നത്. ' തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല, അവർ അഭ്യർത്ഥിച്ചാലും മത്സരിക്കാൻ തയ്യാറല്ല. വയസ് 94 ആവാറായി. ഈ സമയത്ത് ജയിച്ചാൽ തന്നെ ജനങ്ങൾക്ക് എന്ത് ഉപകാരം ചെയ്യാൻ സാധിക്കും. അതുകൊണ്ട് അതിനുള്ള ആഗ്രഹമേ ഇല്ല'- ഇ ശ്രീധരൻ വ്യക്തമാക്കി.