arvind-kejriwal

ന്യൂഡൽഹി: ബിജെപി പ്രവ‌ർത്തകരെ സഹോദരീസഹോദരന്മാരെന്ന് വിശേഷിപ്പിച്ച് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേജ്‌രിവാളിന്റെ ഭാര്യയും മുൻ ഐ ആർ എസ് ഉദ്യോഗസ്ഥയുമായ സുനിത കേജ്‌രിവാൾ ജയിലിൽ നിന്ന് അദ്ദേഹം കൈമാറിയ സന്ദേശം വായിച്ചുകേൾപ്പിച്ചിരുന്നു. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് എല്ലാവരും തുടരണമെന്നും ആരെയും വെറുക്കരുതെന്നും സന്ദേശത്തിൽ കേജ്‌രിവാൾ ആവശ്യപ്പെട്ടു.

'സമൂഹത്തിനായി പ്രവ‌ർത്തിക്കുന്നത് തുടരണം. ബിജെപി പ്രവർത്തകരെ വെറുക്കരുത്. അവർ എല്ലാവരും നമ്മുടെ സഹോദരീ- സഹോദരന്മാരാണ്. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നിരവധി ശക്തികൾ ഇന്ത്യക്കകത്തും പുറത്തുമുണ്ട്. ഇതിനെതിരെ പോരാടേണ്ടതുണ്ട്. കൂടുതൽകാലം എന്നെ ജയിലിലിട്ടിരിക്കാൻ സാധിക്കുകയില്ല. ഞാൻ എത്രയും വേഗം പുറത്തുവരികയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യും. ഞാൻ എപ്പോഴും എന്റെ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ അർഹരായ വനിതകൾക്ക് മാസം 1000 രൂപ നൽകുകയെന്ന പദ്ധതി നടപ്പിലാക്കുകതന്നെ ചെയ്യും.

ജയിലിനകത്തായാലും പുറത്തായാലും എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഉഴിഞ്ഞുവച്ചിരിക്കുന്നത് രാജ്യത്തെ സേവിക്കാനാണ്. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തെ സേവിക്കുന്നതിനുവേണ്ടിയാണ്. വെല്ലുവിളികൾക്കിടെ വളർന്നവനാണ്. ഭാവിയിലും വലിയ വെല്ലുവിളികൾ നേരിടാൻ തയ്യാറാണ്'- കേജ്‌രിവാൾ സന്ദേശത്തിലൂടെ വ്യക്തമാക്കി.

देशवासियों के लिए जेल से अरविंद केजरीवाल का संदेश। https://t.co/Q9K6JjSjke

— Arvind Kejriwal (@ArvindKejriwal) March 23, 2024

ഡൽഹി മദ്യനയക്കേസിൽ വ്യാഴാഴ്‌ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഏഴ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. മദ്യനയം നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നിര്‍ണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. കോഴ കൈപ്പറ്റാന്‍ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കേജ്‌രിവാളാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു.