accident

തിരുവനന്തപുരം: കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100മീറ്ററോളം വലിച്ചു കൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കെെകളിലും കാലുകളിലും ഗുരുതര പരിക്കാണ് സംഭവിച്ചിരിക്കുന്നത്. യുവാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം ബേക്കറി ജംഗ്ഷന് സമീപം പനവിളയില്‍ ടിപ്പര്‍ ഇടിച്ച് മലയിന്‍കീഴ് സ്വദേശി സുധീര്‍ മരിച്ചിരുന്നു. തമ്പാനൂരില്‍ നിന്ന് വരികയായിരുന്ന ടിപ്പര്‍ സുധീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സുധീറിനെ അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ടിപ്പർ അപകടങ്ങൾ തലസ്ഥാനത്ത് കൂടിവരുകയാണ്. വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കല്ല് തെറിച്ച് വീണ് കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.