
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ കോൺഗ്രസിനു തിരിച്ചടിയായി അയോഗ്യരാക്കപ്പെട്ട ആറു കോൺഗ്രസ് എം.എൽ.എമാരും മൂന്നു സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ മാസം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ ഇവർ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടുചെയ്തത് വിവാദമായിരുന്നു. വിപ്പ് ലംഘിച്ചതിന് ഇവരെ അയോഗ്യരാക്കുകയും ചെയ്തു. മുഖ്യമന്ത്രി തങ്ങളെ ലക്ഷ്യമിടുന്നതായി സ്വതന്ത്ര എം.എൽ.എമാർ ആരോപിച്ചു. സംസ്ഥാനത്ത് ജൂൺ ഒന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കും.
കൂടുതൽ എം.എൽ.എമാർ ബി.ജെ.പിയിലേക്ക് എത്തുമെന്ന് നേതൃത്വം അറിയിച്ചു. ഹിമാചലിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കോൺഗ്രസ് രാജ്യസഭ തിരഞ്ഞെടുപ്പോടെയാണ് പ്രതിസന്ധിയിലായത്. ആറു കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കിയതോടെ 68 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 40ൽ നിന്ന് 34 ആയി കുറഞ്ഞു. ബി.ജെ.പിക്ക് 25 അംഗങ്ങളാണുള്ളത്.